ചെന്നൈ: ഇന്നലെ രോഹിത് ശർമ അവസാനിപ്പിച്ചിടത്ത് ഇന്ന് രവി അശ്വിൻ എറിഞ്ഞു തുടങ്ങിയപ്പോൾ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാൻമാർക്ക് മറുപടിയുണ്ടായില്ല. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 249 റൺസ് ലീഡ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റൺസെടുത്തിട്ടുണ്ട്. 25 റൺസുമായി രോഹിത് ശർമയും ഏഴ് റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസില്‍. 14 റൺസെടുത്ത ശുഭ്‌മാൻ ഗില്ലിനെ ജാക്ക് ലീച്ച് പുറത്താക്കി.
നേരത്തെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് എല്ലാവരും പുറത്തായിരുന്നു. 43 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അക്‌സർ പട്ടേല്‍, ഇശാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റും മുഹമദ് സിറാജ് ഒരു വിക്കറ്റും നേടി.
42 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ബെൻ ഫോക്‌സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഒലി പോപ് (22), ബെൻ സ്റ്റോക്‌സ് (18), ഡൊമിനിക് സിബ്ലി ( 16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്‌മാൻമാർ. ഇന്നലെ ഒന്നാം ഇന്നിംഗ്സില്‍ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറി (161) മികവിലാണ് ഇന്ത്യ 329 റൺസ് നേടിയത്. അജിങ്ക്യ റഹാനെ (67), റിഷഭ് പന്ത് ( 58 ) എന്നിവർ ഇന്ത്യയ്ക്കായി അർദ്ധ സെഞ്ച്വറി നേടി.
ഇന്ന് അഞ്ച് വിക്കറ്റഅ നേട്ടം കൈവരിച്ച അശ്വിൻ 29-ാം തവണയാണ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. അതോടൊപ്പം ടെസ്റ്റില്‍ ഇന്ത്യൻ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ഹർഭജൻ സിങിനെ മറികടന്ന് അശ്വിൻ രണ്ടാമതെത്തി. നാട്ടില്‍ കളിച്ച 45 ടെസ്റ്റുകളില്‍ നിന്നായി അശ്വിന്‍റെ വിക്കറ്റ് നേട്ടം 267 ആയി. 62 മത്സരങ്ങളില്‍ നിന്നായി 350 വിക്കറ്റുകൾ വീഴ്ത്തിയ അനില്‍ കുംബ്ലൈയാണ് ഇക്കാര്യത്തില്‍ ഒന്നാമത്.