വിരാട് കോലി, രോഹിത് ശർമ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, രവി അശ്വിൻ, രവി ജഡേജ.. ഇനിയുമുണ്ട് താരപ്പേരുകൾ... ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുന്നത് മേല്‍പറഞ്ഞ ഒന്നാം നമ്പർ താരങ്ങൾ അടങ്ങിയ ടീമിനെ... ഇംഗ്ലണ്ടില്‍ കളിക്കാനുള്ളത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍.. അതിനു ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര. ടീം ഇന്ത്യ ഇംഗ്ളണ്ടിലേക്ക് പോകുമ്പോൾ ഒരു പിടി യുവതാരങ്ങൾ നാട്ടില്‍ വെറുതെ ഇരിക്കുകയാണെന്ന് വിചാരിക്കരുത്. അവർക്ക് വലിയ അവസരം നല്‍കാൻ തന്നെയാണ് ബിസിസിഐ തീരുമാനം. ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയ്ക്കായി വമ്പൻമാരില്ലാത്ത ടീമിനെ ഇന്ത്യ അയയ്ക്കുകയാണ്. വമ്പൻമാരില്ലെങ്കിലും ശ്രീലങ്കയിലേക്ക് പോകുന്ന ടീമില്‍ പലരും ഒന്നാം നമ്പർ ടീമിനൊപ്പം കളിച്ച് തഴക്കം വന്നവർ. ലിമിറ്റഡ് ഓവർ ക്രിക്കറ്റില്‍ ലോകോത്തര താരങ്ങളാണ് അവരില്‍ പലരും.
ശിഖർ ധവാൻ, പൃഥ്വി ഷാ, സഞ്ജു സാംസൺ, സൂര്യ കുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഭുവനേശ്വർ കുമാർ, നവദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് അടക്കം പ്രമുഖരും ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലാത്ത യുവതാരങ്ങളും അടങ്ങിയതാണ് ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യയുടെ ബി ടീം.
ആരാകും നായകൻ
ശിഖർ ധവാൻ
ശിഖർ ധവാൻ എന്ന പേരിന് തന്നെയാണ് നായക സ്ഥാനത്തേക്ക് മുൻഗണന. ഐപിഎല്ലിലും ആഭ്യന്തര ടൂർണമെന്‍റുകളിലും ഡല്‍ഹി അടക്കമുള്ള ടീമുകളെ നയിച്ച് മുൻപരിചയം. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലെ മികച്ച ഫോം എല്ലാം ധവാന് അനുകൂല ഘടകമാണ്. മികച്ച ഫോം പുറത്തെടുത്താല്‍ വരാനിരിക്കുന്ന ടി 20 ലോകകപ്പില്‍ ഇന്ത്യൻ ടീമിലെത്തനുള്ള അവസരവുമുണ്ട്.
പൃഥ്വി ഷാ
ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഭാഗമായിരുന്ന യുവതാരം മുൻ ഇന്ത്യൻ അണ്ടർ 19 നായകൻ കൂടിയാണ്. ഫോം നഷ്ടമായതിന്‍റെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ ഷായ്ക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള സുവർണാവരമാണിത്
സഞ്ജു സാംസൺ
ഇന്ത്യൻ ടീമിലേക്ക് വരും.. പക്ഷേ അന്തർദേശീയ മത്സരങ്ങളില്‍ തിളങ്ങാതെ പുറത്തുപോകും.. നിലവില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ നായകനായ സഞ്ജുവിനെയും ബി ടീമിന്‍റെ നായകനായി പരിഗണിക്കാൻ സാധ്യതയുണ്ട്.