ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയം കാത്തിരിക്കുന്നത് ഇന്ത്യയുടെ തകർപ്പൻ ജയത്തിന് വേണ്ടിയാണ്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടുക മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നതിന് ഈ വിജയം അനിവാര്യമാണ്. 482 റൺസ് എന്ന വൻ വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെച്ച ടീം ഇന്ത്യ വിജയത്തിനരികെയാണ്. ഒന്നര ദിവസം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് മുന്നില്‍ റൺമല ബാക്കിയാണ്. കയ്യിലുള്ളത് രണ്ട് വിക്കറ്റുകൾ മാത്രം.
ചെന്നൈയില്‍ ഇന്ത്യയുടെ സ്പിൻ വല: ഇംഗ്ലണ്ട് കറങ്ങി വീഴുന്നു - ഇന്ത്യ vs ഇംഗ്ലണ്ട് ചെപ്പോക്ക് ടെസ്റ്റ്
നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റൺസ് എന്ന നിലയിലാണ്. ഇനി ജയിക്കാൻ വേണ്ടത് 366 റൺസ്.
![ചെന്നൈയില്‍ ഇന്ത്യയുടെ സ്പിൻ വല: ഇംഗ്ലണ്ട് കറങ്ങി വീഴുന്നു india vs england test](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10646177-1047-10646177-1613458182341.jpg)
നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റൺസ് എന്ന നിലയിലാണ്. ഇനി ജയിക്കാൻ വേണ്ടത് 366 റൺസ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റൺസ് എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകൾ നഷ്ടമായിത്തുടങ്ങിയിരുന്നു. ഡാനിയേല്‍ ലോറൻസ് ( 26), ജോ റൂട്ട് (33), ബെൻ സ്റ്റോക്‌സ് ( 8), ഒലി പോപ്പ് ( 12), ബെൻ ഫോക്‌സ് ( 2) എന്നിവരാണ് ഇന്ന് പുറത്തായത്. രവി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
റോറി ബേൺസ് ( 25), ഡൊമിനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവർ ഇന്നലെ പുറത്തായിരുന്നു. ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയുമായി തിളങ്ങിയ അശ്വിന്‍റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.