അഹമ്മദാബാദ്: ചരിത്രത്തിലേക്കാണ് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റ് വീശുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ശേഷം ടോസ് ഇട്ടപ്പോൾ ഭാഗ്യം ഇംഗ്ളണ്ടിനൊപ്പം.
ഇംഗ്ളീഷ് നായകൻ ജോ റൂട്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ 10 ഓവർ പിന്നിടുമ്പോൾ ഇംഗ്ളണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റൺസെടുത്തിട്ടുണ്ട്. ഡൊമിനിക് സിബ്ലി (0), ജോണി ബെയർ സ്റ്റോ (0) എന്നിവരാണ് പുറത്തായത്. സിബ്ലിയെ പുറത്താക്കി ഇശാന്ത് ശർമയാണ് ആദ്യ വിക്കറ്റ് നേടിയത്. രണ്ടാം വിക്കറ്റ് അക്‌സർ പട്ടേല്‍ സ്വന്തമാക്കി.
ഇന്ത്യയില്‍ നടക്കുന്ന രണ്ടാം പകല്‍ രാത്രി പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യൻ നിരയില്‍ നായകൻ വിരാട് കോലി, രോഹിത് ശർമ, ശുഭ്‌മാൻ ഗില്‍, ചേതേശ്വർ പുജാര, ഉപനായകൻ അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേല്‍, ആർ അശ്വിൻ, നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇശാന്ത് ശർമ, ജസ്‌പ്രീംബുംറ എന്നിവർ കളിക്കും.
ഇംഗ്ലീഷ് നിരയില്‍ സാക് ക്രാവ്‌ലി, ഡോമിനിക് സിബ്ലി, ജോണി ബെയർസ്റ്റോ, നായകൻ ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, ഒലി പോപ്, ബെൻ ഫോക്‌സ്, ജോഫ്ര ആർച്ചർ, ജാക്ക് ലീച്ച്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൺ എന്നിവർ കളിക്കും.
ഇന്ത്യൻ നിരയില്‍ കഴിഞ്ഞ മത്സരം കളിച്ച കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഒഴിവായി. ഇംഗ്ലീഷ് നിരയില്‍ റോറി ബേൺസ്, ഒലി സ്റ്റോൺസ്, ഡൊമിനിക് ബെസ്, ഡാനിയേല്‍ ലാറൻസ് എന്നിവരെ ഒഴിവാക്കി. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരമാണ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ മത്സരം ഇരു ടീമുകളും ജയിച്ചിരുന്നു.