കേരളം

kerala

ETV Bharat / sports

മാത്യൂസിന് സെഞ്ച്വറി; ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം - sree lanka

128 പന്തില്‍ 113 റണ്‍സ് നേടിയ മാത്യൂസാണ് ലങ്കന്‍നിരയിലെ ടോപ് സ്കോറര്‍.

മാത്യൂസിന് സെഞ്ച്വറി; ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം

By

Published : Jul 6, 2019, 7:09 PM IST

ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര പാടെ തകര്‍ന്ന ലങ്കന്‍ ടീമിനെ ആഞ്ചലോ മാത്യൂസും ലഹിരു തിരിമനെയും ചേര്‍ന്നാണ് 264 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 128 പന്തില്‍ 113 റണ്‍സ് നേടിയ മാത്യൂസാണ് ലങ്കന്‍നിരയിലെ ടോപ് സ്കോറര്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കന്‍ ടീമിന്‍റെ മുന്‍നിര ബാറ്റ്സ്‌മാന്‍മാര്‍ പൊരുതാന്‍ പോലും തയ്യാറാകാതെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 55 റണ്‍സ് പിന്നിടുമ്പോള്‍ തന്നെ ലങ്കന്‍ നിരയുടെ ആദ്യ നാല് ബാറ്റ്സ്‌മാന്‍മാര്‍ കൂടാരം കയറിയിരുന്നു. കരുണരത്ന (10), കുസാല്‍ പെരേര (18), അവിഷ്ക ഫെര്‍ണാണ്ടോ (20), കുസാല്‍ മെന്‍റീസ് (3) എന്നിവരുടെ വിക്കറ്റാണ് ലങ്കക്ക് അതിവേഗം നഷ്ടപ്പെട്ടത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മാത്യൂസ്-തിരിമനെ സഖ്യമാണ് ലങ്കന്‍ നിരക്ക് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. രണ്ട് സിക്സുകളും പത്ത് ഫോറും ഉള്‍പ്പെടെയാണ് മാത്യൂസ് സെഞ്ച്വറി തികച്ചത്. മാത്യൂസിനൊപ്പം 53 റണ്‍സുമായി തിരുമനെയും ക്രീസില്‍ നിലയുറപ്പിച്ചതോടെയാണ് ലങ്കന്‍ സ്കോര്‍ 200 കടന്നത്.

ആദ്യ ബാറ്റിങ് അവസാനിക്കവെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ ബോര്‍ഡില്‍ 264 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ലങ്കന്‍ നിരക്കായി. ഇന്ത്യക്കായി ജസ്പ്രീത് സിംഗ് ബുംറ മൂന്ന് വിക്കറ്റുകളും പാണ്ഡ്യ, ജഡേജ, കുല്‍ദീപ് യാദവ്, ഭുവന്വേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. മുഹമ്മദ് ഷമിക്കും യുസ്‌വേന്ദ്ര ചാഹലിനും പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ നിരയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details