ഹൈദരാബാദ്: ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കിരീടമാര് സ്വന്തമാക്കുമെന്ന പ്രവചനവുമായി ഇന്ത്യൻ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. മികച്ച ബൗളർമാരുള്ള ഇന്ത്യ ഇത്തവണ കിരീടം നേടുമെന്നാണ് അസ്ഹറുദ്ദീന്‍റെ പ്രവചനം.
ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ - മുഹമ്മദ് അസ്ഹറുദ്ദീൻ
ഇന്ത്യയുടെ കരുത്ത് മികച്ച ബൗളർമാരുള്ളത്
നമ്മൾക്ക് ഇത് മികച്ച അവസരമാണ്. മികച്ച ടീമാണ് നമ്മുടേത്. മികച്ച ബൗളർമാർ നമ്മൾക്കുണ്ട്. ഇംഗ്ലണ്ടിലെ പിച്ച് ബൗളർമാർക്ക് അനുകൂലമാണമെന്നാണ് പറയാറ്. ഇനി പിച്ച് അനുകൂലമല്ലെങ്കില്‍ പോലും എതിർ ടീമിലെ മുഴുവൻ പേരെയും പുറത്താക്കാനുള്ള മികവ് ഇന്ത്യൻ ബൗളർമാർക്കുണ്ടെന്നും അസ്ഹർ പറഞ്ഞു. ഇത്രയും മികച്ച ടീമുണ്ടായിട്ടും നമ്മൾ വിജയിച്ചില്ലെങ്കില്‍ തനിക്ക് അത് കടുത്ത നിരാശയുണ്ടാക്കുമെന്നും അസ്ഹർ വ്യക്തമാക്കി. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. ചില ദിവസങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ടീം വിജയിക്കുന്നു. മറ്റ് ചിലപ്പോൾ മറിച്ചും സംഭവിക്കാം. ഇന്ത്യൻ ടീമിന് നിരാശപ്പെടേണ്ടി വരില്ലെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ കഴിഞ്ഞാല്‍ ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും കിരീടസാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും അസ്ഹർ കൂട്ടിച്ചേർത്തു. മേയ് 30നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.