ആൻഡി റോബർട്സ്, മൈക്കല്‍ ഹോൾഡിങ്, കോളിങ് ക്രോഫ്‌റ്റ്, ജോയല്‍ ഗാർഡ്നർ, മാല്‍ക്കം മാർഷല്‍, കോർട്‌നി വാല്‍ഷ്, കർട്‌ലി ആംബ്രോസ്, ഇയാൻ ബിഷപ്പ്... ഏതൊരു ക്രിക്കറ്റ് ആരാധകനും പരിചയമുള്ള പേരുകളാണ് ഇതെല്ലാം. ആരാധകർക്ക് പരിചയം തോന്നാം. പക്ഷേ എതിർ ടീമിലെ ബാറ്റ്‌സ്‌മാൻമാർക്ക് ഇവർ എന്നും പേടി സ്വപ്‌നമാണ്. നെഞ്ചിന് മുകളില്‍ തലയ്ക്ക് നേരെ തീതുപ്പുന്ന ചുവന്ന പന്തുകൾ. ഓരോ പന്തും ബാറ്റ്‌സ്‌മാനെ കടന്നുപോകുന്നത് 140 കിലോമീറ്റർ വേഗതയ്ക്ക് മുകളില്‍... വെസ്്റ്റിൻഡീസ് ക്രിക്കറ്റിന്‍റെ സുവർണകാലത്തെ പേസ് ബൗളർമാരെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. പക്ഷേ 1990 ശേഷം ലോകോത്തര ബാറ്റ്‌സ്‌മാൻമാരെ വെള്ളം കുടിപ്പിച്ച പേസ് ബൗളർമാർ വെസ്റ്റിൻഡീസ് നിരയില്‍ അധികമുണ്ടായില്ല.
സുവർണ കാലത്തെ അതിവേഗ ബൗളിങ്
ടെസ്റ്റ് ക്രിക്കറ്റിലും അതിനു ശേഷമെത്തിയ ഏകദിന മത്സരങ്ങളിലും 1970 മുതല്‍ 1990 വരെ നീണ്ടു നിന്ന പേസ് ബൗളിങിന്‍റെ സുവർണ കാലം വീണ്ടും പലപ്പോഴായി തിരിച്ചെത്തിയിരുന്നു. ഓസ്ട്രേലിയയില്‍ മഗ്രാത്തും ഗില്ലസ്പിയും ഡാമിയൻ ഫ്ലമിങും കാസ്‌പറോവിച്ചും ബ്രെറ്റ് ലീയും അടങ്ങുന്ന പേസ് ബാറ്ററി... പാകിസ്ഥാനില്‍ വസിം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്‌തർ... ദക്ഷിണാഫ്രിക്കൻ നിരയില്‍ അലൻ ഡൊണാൾഡ്, മഖായ എൻടിനി... ന്യൂസിലൻഡില്‍ ഷെയ്ൻ ബോണ്ട് അങ്ങനെ പന്തുകൊണ്ട് ബാറ്റ്സ്‌മാൻമാരെ വിറപ്പിച്ചവർ അനവധിയാണ്. നെഞ്ചിലും തലയിലും ഏറ് കൊണ്ട് പരിക്കേറ്റവരും അതിനെ തുടർന്ന് കളി മതിയാക്കിയവരും നിരവധി... പേരുകൾ പലതും വിട്ടുപോയിട്ടുണ്ടാകാം... പക്ഷേ ഇത് പഴയ വമ്പൻമാരുടെ കഥയല്ല.... ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഐസിസി ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുകയാണ്. ആദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുമ്പോൾ അതില്‍ കൗതുകവും ആവേശവുമൊക്കെ നിറയും. കൊവിഡ് ഭീഷണിക്കിടയിലും അംഗീകൃത പദവിയുള്ള ടെസ്റ്റ് രാജ്യങ്ങളുമായി മത്സരിച്ച് ഏറ്റവുമധികം പോയിന്‍റുകൾ നേടിയ രണ്ട് ടീമുകളാണ് ഫൈനലില്‍ പോരടിക്കുക. ജൂൺ മാസം 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലാണ് ഫൈനല്‍ പോരാട്ടം. ഇന്ത്യയും ന്യൂസിലൻഡുമാണ് ലോക ടെസ്്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായി കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ആദ്യ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.