ലോകകപ്പ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒമ്പത് ഹാട്രിക്കുകളാണ് ഇതുവരെ പിറന്നിട്ടുള്ളത്. 1987 ലോകകപ്പിലാണ് ആദ്യ ഹാട്രിക്ക് നേട്ടത്തിന് സാക്ഷിയായത്. ഇന്ത്യൻ താരം ചേതൻ ശർമ്മയുടെ പേരിലാണ് ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേട്ടമുള്ളത്. ഇംഗ്ലണ്ടിൽ ഈ മാസം മെയ് 30 ന് ലോകകപ്പിന് കൊടികയറുമ്പോൾ ആരാധകർ ഹാട്രിക്ക് നേട്ടങ്ങളും സ്വപ്നം കാണുന്നുണ്ട്.
ചേതൻ ശർമ്മ (1987)
ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് ഹീറോയാണ് ഇന്ത്യയുടെ ചേതൻ ശർമ്മ. ലോകകപ്പിന്‍റെ നാലാം പതിപ്പായ 1987 ലോക ടൂർണമെന്‍റിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ചേതൻ ശർമ്മയുടെ ഈ നേട്ടം. കെൻ റൂതെർഫോർഡ്, ഇയാൻ സ്മിത്ത്, എവൻ ചാറ്റ്ഫീൽഡ് എന്നിവരെയാണ് അന്ന് ചേതൻ പുറത്താക്കിയത്.
സഖ്ലൈന്‍ മുസ്താഖ് (1999)
ലോകകപ്പിൽ രണ്ടാം ഹാട്രിക്ക് നേട്ടം കാണാൻ ക്രിക്കറ്റ് ലോകത്തിന് പിന്നീട് 12 വർഷം കാത്തിരിക്കേണ്ടി വന്നു. പാകിസ്ഥാന്‍ സ്പിന്നർ സഖ്ലൈന്‍ മുസ്താഖിന്‍റെ വകയായിരുന്നു ലോകകപ്പിലെ രണ്ടാം ഹാട്രിക്ക്. 99 ൽ ഇംഗ്ലണ്ടിൽ നടന്ന ടൂർണമെന്‍റിൽ സിംബാബ്‌വെയ്ക്കെതിരെയായിരുന്നു മുസ്താഖിന്‍റ ഹാട്രിക്ക്. ഹെൻറി ഒലോംഗ, ആഡം ഹക്കിൾ, പോമി എബാംഗ്വേ എന്നിവരെ പുറത്താക്കിയായിരുന്നു സഖ്ലൈന്‍റെ ഹാട്രിക്ക് പ്രകടനം.
ചാമിന്ദ വാസ് (2003)
2003 ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരത്തിലെ ആദ്യ മൂന്ന് പന്തിൽ തന്നെ ഹാട്രിക്ക് തികച്ചാണ് ബോളിംഗ് ഇതിഹാസം ചാമിന്ദ വാസ് ലങ്കയുടെ ലോകകപ്പിന് തുടക്കമിട്ടത്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ ഹനാൻ സർക്കാർ, മുഹമ്മദ് അഷ്റഫുൾ, എഹ്സനുൽ ഹഖ് എന്നീ മുൻനിര ബാറ്റ്സ്മാൻമാരെ പുറത്താക്കിയാണ് വാസ് ഹാട്രിക്ക് തികച്ചത്. ഏകദിന ഫോർമാറ്റിലെ ആദ്യ മൂന്ന് ബോളിൽ ഹാട്രിക്ക് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ബൗളറെന്ന നേട്ടവും വാസ് ഇതോടെ സ്വന്തമാക്കി.
ബ്രെറ്റ് ലീ (2003)
ലങ്കൻ താരം ചാമിന്ദ വാസ് ഹാട്രിക്ക് നേടി 11 ദിവസങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ബൗളിംഗ് ഇതിഹാസം ബ്രെറ്റ് ലീയും 2003 ലോകകപ്പിലെ രണ്ടാം ഹാട്രിക്ക് തികച്ചു. കെനിയക്കെതിരെ ഡർബനിൽ നടന്ന മത്സരത്തിന്‍റെ നാലാം ഓവറിലാണ് ലീയുടെ ഹാട്രിക്ക്. കെനിയൻ ഓപ്പണർ കെന്നഡി ഒട്ടീനോ, ബ്രിജൽ പട്ടേൽ, ഡേവിഡ് ഒബുയ എന്നിവരെ പുറത്താക്കിയായിരുന്നു ലീയുടെ നേട്ടം.
ലസിത് മലിംഗ (2007)
ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്‍റിൽ ഹാട്രിക്ക് നേടുന്ന ശ്രീലങ്കയുടെ രണ്ടാം താരമാണ് ലസിത് മലിംഗ. 2003 ൽ ചാമിന്ദ വാസ് നേടിയ ഹാട്രിക്കിന് ശേഷം ആ നേട്ടം കൈവരിക്കുന്ന ലങ്കൻ താരമാണ് മലിംഗ. 2007 ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു മലിംഗയുടെ ഹാട്രിക്ക്. എന്നാൽ മൂന്ന് വിക്കറ്റ് നേട്ടമല്ല. നാലു പന്തിൽ നാല് വിക്കറ്റാണ് ശ്രീലങ്കൻ താരം സ്വന്തമാക്കിയത്. എന്നാൽ രണ്ട് ഓവറുകളിലായാണ് താരത്തിന്‍റെ ഈ നേട്ടം. ഒരു ഓവറിന്‍റെ അവസാന രണ്ട് പന്തിൽ ഷോൺ പൊള്ളോക്ക്, ആൻഡ്രൂ ഹാൾ എന്നിവരെ പുറത്താക്കി മലിംഗ തുടക്കമിട്ടു. തന്‍റെ അടുത്ത ഓവറിന്‍റെ ആദ്യ പന്തിൽ ജാക്ക് കാലിസിനെ പുറത്താക്കി താരം ഹാട്രിക്ക് തികച്ചു. രണ്ടാം പന്തിൽ മഖായ എൻറ്റിനിയെയും ബൗൾഡാക്കി മലിംഗ നാല് പന്തിൽ നാല് വിക്കറ്റെടുക്കുന്ന ലോകകപ്പിലെ ആദ്യ താരമായി.
കെമാർ റോച്ച് (2011)
ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ വെസ്റ്റ് ഇൻഡീസ് താരമാണ് കെമാർ റോച്ച്. 2011 ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ നെതർലൻഡിനെതിരെയാണ് താരത്തിന്‍റെ ഹാട്രിക്ക് പ്രകടനം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 331 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഓറഞ്ചുപടയെ 115 റൺസിന് ഓൾഔട്ടാക്കിയത് റോച്ചിന്‍റെ പ്രകടനമായിരുന്നു. പീറ്റർ സീലാർ, ബെർണാർഡ് ലൂട്ട്സ്, ബെരെന്‍റ് വെസ്റ്റ്ഡൈക്ക് എന്നിവരുടെ വിക്കറ്റുകൾ നേടിയാണ് 2011 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് വിൻഡീസ് താരം സ്വന്തമാക്കിയത്.
ലസിത് മലിംഗ (2011)
ലോക ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരമാണ് ശ്രീലങ്കൻ താരം ലസിത് മലിംഗ. ആദ്യതവണ രണ്ട് ഓവറുകളിൽ ഹാട്രിക്ക് തികച്ച അതേരീതിയിലാണ് രണ്ടാം തവണയും മലിംഗ ഈ റെക്കോർഡ് സ്വന്തമാക്കിയത്. 2011 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ കെനിയക്കെതിരെയാണ് തന്‍റെ രണ്ടാം ഹാട്രിക്ക് നേട്ടം. ഏഴാം ഓവറിലെ അവസാന പന്തിൽ തൻമയ് മിശ്രയെയും തന്‍റെ അടുത്ത ഓവറിന്‍റെ ആദ്യ പന്തിൽ പീറ്റർ ഓൻഗോഡോയെയും രണ്ടാം പന്തിൽ ഷെം ഗോച്ചെയെയും പുറത്താക്കിയാണ് മലിംഗ റെക്കോർഡ് ഹാട്രിക്ക് നേടിയത്.
സ്റ്റീവൻ ഫിൻ (2015)
ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളറാണ് സ്റ്റീവൻ ഫിൻ. ഇംഗ്ലണ്ടിന്‍റെ ചിരവൈരികളായ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഫിന്നിന്‍റെ ഹാട്രിക്ക്. 342-6 എന്ന നിലയിൽ നിന്ന ഓസ്ട്രേലിയക്കെതിരെ അവസാന ഓവറിലാണ് നേട്ടം. ഓസ്ട്രേലിയൻ ഇന്നിംഗിസിലെ നാലാം പന്തിൽ ബ്രാഡ് ഹാഡിനെയും, അഞ്ചാം പന്തിൽ ഗ്ലെൻ മാക്സ് വെല്ലിനെയും അവസാന പന്തിൽ മിച്ചൽ ജോൺസണെയും പുറത്താക്കിയാണ് ഫിൻ ഹാട്രിക്ക് നേടിയത്.
ജെപി ഡുമിനി (2015)
ഏറ്റവും ഒടുവിൽ ലോകകപ്പിൽ പിറന്ന ഹാട്രിക്കാണ് ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനിയുടേത്. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കക്കെതിരെ രണ്ട് ഓവറുകളിലായാണ് ഡുമിനിയുടെ ഹാട്രിക്ക്. ഏയ്ഞ്ചലോ മാത്യൂസ്, നുവാൻ കുലശേഖര, തരിന്ദു കുശാൽ എന്നിവരെ പുറത്താക്കിയാണ് ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡും ഹാട്രിക്കും ഡുമിനി സ്വന്തമാക്കുന്നത്.