ടൗൺടൺ :ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയ- പാകിസ്ഥാൻ പോരാട്ടം. കഴിഞ്ഞ കളിയിൽ ഇന്ത്യയോടേറ്റ തോൽവി മറന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താൻ ഓസീസ് ഇറങ്ങുമ്പോൾ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റുകളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ എത്തുന്നത്.
ക്രിക്കറ്റ് ലോകകപ്പ് : ഓസീസ് ഇന്ന് പാകിസ്ഥാനെതിരെ - ഓസീസ്
ഇന്ത്യയോടേറ്റ തോൽവി മറക്കാൻ ഓസീസ് ഇറങ്ങുമ്പോൾ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്ത ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ എത്തുന്നത്. എന്നാൽ ഇന്നും മഴ കളി തടസപ്പെടുത്താൻ സാധ്യതയുണ്ട്.
നിലവിലെ ചാമ്പ്യൻമാരും ലോകകപ്പ് ഫേവറിറ്റുകളുമായ ഓസീസ് കഴിഞ്ഞ കളിയിൽ ഇന്ത്യയോട് തോറ്റെങ്കിലും ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തിൽ ജയത്തോടെ തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. കഴിഞ്ഞ 14 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 13 കളിയിലും ജയം കംഗാരുപ്പടയ്ക്കൊപ്പമായിരുന്നു എന്നതും അവർക്ക് പ്രതീക്ഷകൾ നൽകുന്നു. ഓപ്പണർ ഡേവിഡ് വാർണർ ഫോമിലെത്താത്തതും ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിൻസ് പരിക്കേറ്റ് പുറത്തായതും ഓസീസിന് തിരിച്ചടിയായേക്കും. നിലവിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ.
ലോകകപ്പില്‍ ഏറ്റവും ശക്തമായ ടീമെന്ന ഖ്യാതിയുള്ള ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തുന്ന സര്‍ഫ്രാസ‌് അഹമ്മദിന്‍റെ സംഘത്തിന‌് ആരെയും തോല്‍പ്പിക്കാനാകുമെന്ന വിശ്വാസമാണ് കരുത്ത്. മൂന്ന‌് കളികളില്‍ നിന്ന‌് മൂന്ന‌് പോയിന്‍റാണ‌് പാകിസ്ഥാന്‍റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട‌് തോറ്റെങ്കിലും രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച‌് പാകിസ്ഥാൻ ട്രാക്കിലെത്തി. എന്നാല്‍ ശ്രീലങ്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചത‌് പാകിസ്ഥാന‌് തിരിച്ചടിയാണ‌്. ബൗളര്‍മാര്‍ താളം കണ്ടെത്താത്തതാണ് ടീമിന്‍റെ തലവേദന. ഇന്നും മഴ വില്ലാനാകാൻ സാധ്യതയുണ്ട‌്. മത്സരം വൈകിട്ട് മൂന്ന് മണിക്ക് ടൗൺടണിൽ.