കേരളം

kerala

ETV Bharat / sports

ലോകകപ്പ് സന്നാഹം : ഇന്ത്യക്കെതിരെ കിവീസിന് 180 റൺസ് വിജയലക്ഷ്യം - ന്യൂസിലൻഡ്

ഒമ്പതാം വിക്കറ്റിൽ ജഡേജ-കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ 179 റൺസിലെത്തിച്ചത്.

രവീന്ദ്ര ജഡേജ

By

Published : May 25, 2019, 7:34 PM IST

ഓവൽ : ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 180 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

തുടക്കത്തിലെ ബാറ്റിംഗ് തകർച്ചക്ക് ശേഷം രവീന്ദ്ര ജഡേജയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 179 റൺസിലെത്തിയത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണറായ രോഹിത് ശർമ്മയെ (2) പുറത്താക്കി ട്രെന്‍റ് ബോൾട്ട് കിവീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തന്‍റെ രണ്ടാം ഓവറിൽ ശിഖർ ധവാനെയും (2) ബോൾട്ട് കൂടാരം കയറ്റി. മറുവശത്ത് പിടിച്ചുനിന്ന ഇന്ത്യൻ നായകൻ വിരാട് കോലിയിലായിരുന്നു പിന്നീട് പ്രതീക്ഷ. ലോകകപ്പിന് മുന്നോടിയായി ഏറെ ചർച്ച ചെയ്യപ്പെട്ട നാലാം നമ്പറിലെത്തിയ കെഎൽ രാഹുൽ ഐപിഎല്ലിലെ തകർപ്പൻ ഫോമിന്‍റെ തുടർച്ചയായി ബോൾട്ടിനെ ബൗണ്ടറിയടിച്ച് തുടങ്ങി. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ രാഹുലിന്‍റെ സ്റ്റമ്പ് തെറുപ്പിച്ച് ബോൾട്ട് ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു.

പിന്നീടെത്തിയ ഹാർ‌ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ടുകൊണ്ടുപോയ കോലിയെ (18) പതിനൊന്നാം ഓവറിൽ ഗ്രാൻഡ്ഹോം പുറത്താക്കി. അപ്പോൾ ഇന്ത്യൻ സ്കോർ 39-4 എന്ന നിലയിൽ. പിന്നീട് എംഎസ് ധോണിയും പാണ്ഡ്യയും ചെറുത്തു നിൽക്കാൻ ശ്രമിച്ചു. ഇരുവരും 38 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി നിൽക്കുമ്പോൾ 20-ാം ഓവറിൽ പാണ്ഡ്യയും (30) പുറത്ത്. പുറകെയെത്തിയ ദിനേശ് കാർത്തിക്കും (4) അതേ ഓവറിൽ തന്നെ മടങ്ങി. 23-ാം ഓവറിൽ 17 റൺസെടുത്ത ധോണിയും മടങ്ങിയപ്പോൾ ഇന്ത്യ 100 റൺസിന് താഴെ ഓൾഔട്ട് ആകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അവിടുന്ന് ജഡേജ കാഴ്ച്ചവെച്ച മിന്നും പ്രകടനം ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ ജഡേജ-കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോററായ ജഡേജ 54 റൺസെടുത്ത് ഒമ്പതമനായാണ് പുറത്തായത്. കുൽദീപ് യാദവ് 36 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്തു.

കിവീസിനായി ട്രെന്‍റ് ബോൾട്ട് നാല് വിക്കറ്റും ജെയിംസ് നീഷം മൂന്ന് വിക്കറ്റും ടീം സൗത്തീ, കോളിൻ ഗ്രാൻഡ്ഹോം, ലോക്കി ഫെർഗുസൺ എന്നിവർ ഓരോ വിക്കറ്റും നേടി.

ABOUT THE AUTHOR

...view details