ഓവൽ :ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ശ്രീലങ്കയെ നേരിടും. നിലവിൽ നാലു മത്സരങ്ങൾ ഇരുടീമും പൂർത്തിയാക്കിയപ്പോൾ ആറ് പോയിന്‍റുമായി ഓസീസ് മൂന്നാം സ്ഥാനത്തും നാലു പോയിന്‍റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് നടക്കുന്ന മത്സരങ്ങൾക്കും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്.
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഓസീസ് ലങ്ക പോരാട്ടം - ഓസ്ട്രേലിയ
ഇന്നത്തെ മത്സരത്തിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. നിലവിൽ ശ്രീലങ്കയുടെ രണ്ട് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ചാണ് കംഗാരുപ്പടയുടെ വരവ്. മൂന്നാം മത്സരത്തിൽ ഇന്ത്യയോട് തോറ്റെങ്കിലും കഴിഞ്ഞ കളിയിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഓസീസ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. പരിക്കിന്‍റെ പിടിയിലുള്ള മാർക്കസ് സ്റ്റോയിനിസിന്‍റെ അഭാവം മാത്രമാണ് ഓസീസിന് തലവേദനയായുള്ളത്. ഓപ്പണർ ഡേവിഡ് വാർണർ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയത് ലോക ചാമ്പ്യൻമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. വാർണറിനൊപ്പം നായകൻ ആരോൺ ഫിഞ്ചും മികച്ച ഇന്നിംഗ്സ് പുറത്തെടുക്കുന്നുണ്ട്. എന്നാൽ മധ്യനിര ബാറ്റ്സ്മാൻമാർ കൂടി മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടതുണ്ട്. ഓൾറൗണ്ടർ നഥാൻ കോൾട്ടർ നൈൽ ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ബൗളിംഗിൽ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്നതോടൊപ്പം വിക്കറ്റും നേടുന്നുണ്ട്. തരതമ്യേന ദുർബലരായ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് തന്നെയാണ് ഇന്ന് വിജയ സാധ്യത.
ലോകകപ്പിലെ ശ്രീലങ്കയുടെ പ്രധാന വില്ലൻ മഴയാണ്. നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ട് മത്സരത്തിൽ മാത്രമാണ് ലങ്കയ്ക്ക് മൈതാനത്തിറങ്ങാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ജയിച്ചു. മൂന്നാം മത്സരവും നാലാം മത്സരവും മഴമൂലം ഉപേക്ഷിച്ചപ്പോൾ ഓരോ പോയിന്‍റ് വീതം ലഭിച്ചത് ഭാഗ്യമായി. എന്നാൽ ഇന്നത്തെ മത്സരവും മഴമൂലം ഉപേക്ഷിച്ചാൽ അത് ടൂർണമെന്‍റിലെ മുന്നേറ്റത്തിന് തിരിച്ചടിയാകും. അഫ്ഗാനിസ്ഥാനെതിരെ പരിക്കേറ്റ പേസർ നുവാൻ പ്രദീപ് ഇന്ന് ഓസീസിനെതിരെ തിരിച്ചെത്തും. പഴയ പ്രതാപം ശ്രീലങ്കക്ക് ഇല്ലെങ്കിലും ഒരുകൂട്ടം യുവതാരങ്ങളടങ്ങിയ ടീമിന്‍റെ സാധ്യതകളെ തള്ളിക്കളയാൻ സാധിക്കില്ല. മധ്യനിരയിൽ മികച്ച താരങ്ങളില്ലാത്തത് ടീമിന് തലവേദനയാണ്. കളിക്കാനിറങ്ങിയ രണ്ട് മത്സരത്തിലും മധ്യനിരയിലെ പ്രകടനം ദയനീയമായിരുന്നു. ബൗളിംഗിൽ പരിചയസമ്പന്നനായ ലസിത് മലിംഗയുടെ സാന്നിധ്യം ടീമിന് ഗുണമാണ്. ഓസീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയും പേസ് ബൗളിംഗിനെ അതിജീവിക്കുകയും ചെയ്താൽ മാത്രമേ ലോക ചാമ്പ്യൻമാർക്കെതിരെ ലങ്കയ്ക്ക് ഇന്ന് ജയിക്കാൻ കഴിയൂ. മത്സരം വൈകിട്ട് മൂന്ന് മണിക്ക് ഓവലിൽ.