ബിർമിങ്ഹാം : ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്. ഇത്തവണത്തെ ലോക ടൂർണമെന്‍റിൽ തോൽവിയറിയാതെ കുതിച്ച ടീം ഇന്ത്യയെ 31 റണ്‍സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും (66) ജോണി ബെയർസ്റ്റോയും (111) തകർപ്പൻ തുടക്കം നൽകിയപ്പോൾ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് കുതിച്ചു. അവസാന ഓവറുകളിലെ ബെൻ സ്റ്റോക്സിന്‍റെ തകർപ്പൻ ബാറ്റിംഗ് കൂടിയായപ്പോൾ ഇംഗ്ലണ്ട് 337 എന്ന മികച്ച സ്കോറിലെത്തി. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഒമ്പത് പന്തിൽ റൺസൊന്നുമെടുക്കാതെ കെഎൽ രാഹുൽ കൂടാരം കയറി. റണ്‍സെടുക്കാന്‍ ഇന്ത്യ നന്നായി ബുദ്ധിമുട്ടി. പിന്നാലെ രണ്ടാം വിക്കറ്റിൽ രോഹിത് ശർമ്മയും നായകൻ വിരാട് കോലിയും ഇന്ത്യയെ മുന്നോട്ടു നയിച്ചു. 138 റൺസാണ് കൂട്ടിച്ചേർത്തത്. 29-ാം ഓവറിൽ ലിയാം പ്ലങ്കറ്റ് 66 റണ്‍സെടുത്ത കോലിയെ പുറത്താക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. കോലി പുറത്തായതോടെ കളിയുടെ ഗതി മാറി. ക്രീസിൽ നിലയുറപ്പിച്ച രോഹിത് ശർമ്മയും റിഷഭ് പന്തും ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. ഇതിനിടയിൽ ടൂർണമെന്‍റിലെ തന്‍റെ മൂന്നാം സെഞ്ച്വറിയും രോഹിത് നേടി.
37-ാം ഓവറിൽ രോഹിത് ശർമ്മയും (102) 40-ാം ഓവറിൽ പന്തും പുറത്തായി. ഒരറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തെങ്കിലും പ്ലങ്കറ്റ് വീണ്ടും വില്ലനായി. 33 പന്തില്‍ 45 റണ്‍സെടുത്ത് പാണ്ഡ്യയും പുറത്ത്. പിന്നീട് ക്രീസിലെത്തിയ എംഎസ് ധോണിയും കേദാർ ജാദവും വമ്പനടിക്ക് മുതിരാത്തത് ആരാധകരിൽ ഞെട്ടലുണ്ടാക്കി. അവസാന ഓവറുകളിൽ സിംഗിളുകൾ മാത്രം നേടിയപ്പോൾ ഇന്ത്യ 306 റൺസിലൊതുങ്ങി. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ക്രിസ് വോക്സ് രണ്ടും വിക്കറ്റ് നേടി.
നിർണായക മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മിന്നും പ്രകടനം കാഴ്ച്ചവെച്ചാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇതോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. അവസാന മത്സരത്തില്‍ ന്യൂസിലൻഡിനോട് ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയിലെത്താം. തോറ്റെങ്കിലും പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ സെമി സാധ്യകൾ ഇപ്പോഴും സജീവമാണ്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.