ചെന്നൈ: സാധാരണ ഗതിയില്‍ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിക്കും. പക്ഷേ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നു. അതൊന്നും ആർ അശ്വിൻ എന്ന പോരാളിയെ അലോസരപ്പെടുത്തിയില്ല. രണ്ടാം ദിനം അഞ്ച് വിക്കറ്റുമായി ഇംഗ്ലീഷ് നിരയുടെ നട്ടെല്ല് തകർത്ത അശ്വിൻ ഇന്നും തകർപ്പൻ ഫോമിലായിരുന്നു, പക്ഷേ ഇന്ന് പന്തുകൊണ്ടല്ല, ബാറ്റ് കൊണ്ടാണെന്ന് മാത്രം.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് സ്പിന്നർമാർക്ക് മുന്നില്‍ ഇന്ത്യൻ മധ്യനിര തകർന്നപ്പോൾ അശ്വിൻ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റിലെ തോല്‍വിക്ക് പകരം ചോദിക്കണം എന്ന് മാത്രമാകും അശ്വിൻ ചിന്തിച്ചിട്ടുണ്ടാകുക. കാരണം ചെന്നൈ അശ്വിന്‍റെ മണ്ണാണ്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ അശ്വിൻ അത് തെളിയിക്കുകയും ചെയ്തു.
148 പന്തില്‍ 106 റൺസുമായി അശ്വിൻ തകർത്ത് കളിച്ചപ്പോൾ മറുപുറത്ത് അർധ സെഞ്ച്വറിയുമായി നായകൻ വിരാട് കോലിയും (62) വാലറ്റവും പിന്തുണ നല്‍കി. എട്ടാമനായി ഇറങ്ങിയാണ് അശ്വിൻ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. അതോടെ ഇംഗ്ളണ്ടിന്‍റെ വിജയലക്ഷ്യം 482 റൺസായി മാറി. ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 286 റൺസെടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റൺസെന്ന നിലയിലാണ്. റോറി ബേൺസ് (25), ജൊമിനിക് സിബ്ലളി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് ഇന്ന് പുറത്തായത്. രണ്ട് ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 429 റൺസ് കൂടി വേണം. നായകൻ ജോറൂട്ടും ഡാനിയേല്‍ ലോറൻസുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി അക്‌സർ പട്ടേല്‍ രണ്ടും രവി അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. നാലാം ദിനം അതിവേഗം വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലേക്കും പിന്നീട് തോല്‍വിയിലേക്കും നയിക്കാനാകും നാളെ ടീം ഇന്ത്യ ശ്രമിക്കുക.