ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുസഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. പ്രഥമ ടി20 ലോകകപ്പിന്‍റെ ഫൈനലിലാണ് ഗുജറാത്തില്‍ നിന്നുള്ള യുസഫ് നീലക്കുപ്പായത്തില്‍ അരങ്ങേറിയത്. ട്വീറ്റിലൂടെയാണ് യുസഫ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 79 മത്സരങ്ങള്‍ കളിച്ച യുസഫ് 1,046 റണ്‍സും 46 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. പുറത്താകാതെ 123 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2007ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ടി-20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ജയം സ്വന്തമാക്കിയതിന് പുറമെ 2011ല്‍ ടീം ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോഴും യുസഫ് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു.
നീലക്കുപ്പായം ആദ്യമായി അണിഞ്ഞ ആ ദിവസം ഒരിക്കലും മറക്കാനാകില്ലെന്ന് പറഞ്ഞ് കൊണ്ടാണ് യുസഫ് പത്താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്ന് താന്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞപ്പോള്‍ മുഴുവന്‍ രാജ്യത്തിന്‍റെയും പ്രതീക്ഷകളാണ് ചുമലിലേറ്റിയത്. പരിശീലകനും സുഹൃത്തുക്കളും കുടുംബവും തന്നില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചു. ചെറുപ്പം മുതലെ ക്രിക്കറ്റിനെ ചുറ്റിപറ്റിയായിരുന്നു ജീവിതം. അന്താരാഷ്‌ട്ര, ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമാകാന്‍ സാധിച്ചെന്നും ട്വീറ്റില്‍ കുറിച്ചു. ഐപിഎല്ലില്‍ രാജസ്ഥന്‍ റോയല്‍സിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച യുസഫ് പത്താന്‍ 12 സീസണുകളില്‍ ഐപിഎല്ലിന്‍റെ ഭാഗമായി.