കൊല്‍ക്കത്ത: ഈഡനിലെ ചരിത്ര മൂഹൂർത്തത്തില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത വൃദ്ധിമാന്‍ സാഹ റെക്കോർഡ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 100 ബാറ്റ്സ്മാന്മാരെ പുറത്താക്കുന്നതില്‍ പങ്കാളിയായ ഇന്ത്യന്‍ വിക്കറ്റ് കീപ്പർമാരുടെ ക്ലബില്‍ അംഗമായിരിക്കുകായാണ് സാഹ. 29 റണ്‍സെടുത്ത ബംഗ്ലാദേശ് ഓപ്പണർ സദ്മാന്‍ ഇസ്ലാമിനെ ഉമേഷ് യാദവിന്റെ പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് സാഹ റെക്കോർഡ് സ്വന്തമാക്കിയത്. ഇശാന്ത് ശർമ്മയുടെ പന്തില്‍ മഹ്മദുള്ളയും സാഹക്ക് പിടികൊടുത്ത് പുറത്തായി. ഇതോടെ സാഹയുടെ റെക്കോർഡ് നേട്ടം 101 ആയി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സാഹ.
മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഈ നേട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. ടെസ്റ്റില്‍ 294 ബാറ്റ്സ്മാന്മാരെ പുറത്താക്കുന്നതില്‍ ധോണി പങ്കാളിയായി. 90 ടെസ്റ്റുകളില്‍ 256 ക്യാച്ചും 38 സ്റ്റംപിങ്ങുമാണ് ധോണിയുടെ പേരിലുള്ളത്. സയ്യിദ് കിര്‍മാനിയാണ് രണ്ടാം സ്ഥാനത്ത്. 88 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സയ്യിദ് കിര്‍മാനി 198 പേരെ പുറത്താക്കാന്‍ സഹായിച്ചു. ഇതില്‍ 160 ക്യാച്ചും 38 സ്റ്റംപിങ്ങും ഉൾപ്പെടും. വിക്കറ്റിന് പിന്നില്‍ 130 പേരെ പുറത്താക്കിയ കിരണ്‍ മോറെയും 107 പേരെ പുറത്താക്കിയ നയന്‍ മോംഗിയയും റെക്കോർഡ് നേട്ടക്കാരുടെ പട്ടികയിലുണ്ട്.