കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനായി ടീം അംഗങ്ങളെ ആരെയും നിർബന്ധിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പര്യടനത്തിന്‍റെ ഭാഗമാകാത്തതിന്‍റെ പേരില്‍ ടീം അംഗങ്ങൾക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനായി ആരേയും നിർബന്ധിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ജൂലൈയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനം നടത്തുന്നത്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകിദനങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര
പര്യടനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് അധികൃതരുമായി സംസാരിച്ചു. പര്യടനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസിബി മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കുന്നു. അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടക്കുക. കളിക്കാരുടെ താമസ സൗകര്യവും സ്റ്റേഡിയം കോപ്ലക്‌സില്‍ തന്നെ ഒരുക്കും. ചാർട്ടേഡ് ഫ്ലൈറ്റുകളിലാകും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. ജൂലൈ ആദ്യവാരം ഇംഗ്ലണ്ടിലെത്തുന്ന ടീം തുടർന്ന് ക്വാറന്‍റയിനില്‍ പോകും. മാഞ്ചസ്റ്ററും സതാംപ്‌റ്റണും ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയാകും. മൂന്നാമത്തെ വേദി പിന്നീട് തീരുമാനിക്കും. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ അസർ അലിയെയും ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ ബാബർ അസമിനെയും പര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കും. തുടർന്ന് മറ്റ് ടീം അംഗങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തും.
പര്യടനത്തിന് പാകിസ്ഥാന്‍ സർക്കാരിന്‍റെ അനുമതിയും ആവശ്യമാണ്. കൊവിഡ് 19 മൂലം ക്രിക്കറ്റ് മത്സരങ്ങള്‍ സ്തംഭിച്ചതിനാല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി കർശന സുരക്ഷാ മുന്‍കരുതലുകളോടെ താരങ്ങളുടെ പരിശീലനം ആരംഭിക്കുമെന്ന് നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടില്‍ ഇതിനകം 27,000 പേർ കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 1,30,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു.