അഡ്‌ലെയ്‌ഡ്: ശ്രീലങ്കന്‍ പേസർ അചിനി കുലസൂര്യക്ക് ഗുരുതര പരിക്ക്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഞായറാഴ്‌ച നടന്ന സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കെതിരായ മത്സരത്തില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലയില്‍ പന്തിടിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ കുറച്ച് ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെക്കും. പരിക്കേറ്റ 29 വയസുള്ള താരത്തെ സമീപത്തെ റോയല്‍ അഡ്‌ലെയ്‌ഡ് ആശുപത്രിയിലേക്ക് മാറ്റി.
സന്നാഹ മത്സരത്തിനിടെ ശ്രീലങ്കന്‍ വനിത താരത്തിന് ഗുരുതര പരിക്ക് - വനിതാ ടി20 ലോകകപ്പ് വാർത്ത
ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേിലിയയില്‍ നടന്ന ദക്ഷിണാഫ്രിക്കെതിരായ സന്നാഹ മത്സരത്തിലാണ് ശ്രീലങ്കന്‍ പേസർ അചിനി കുലസൂര്യക്ക് സാരമായി പരിക്കേറ്റത്
പരിക്കേറ്റ താരം ഫെബ്രുവരി 21-ന് ആരംഭിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് അധികൃതർ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
അതേസമയം മത്സരം 41 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചു. ഫിബ്രുവരി 18-ന് ഇംഗ്ലണ്ടിന് എതിരെയാണ് ശ്രീലങ്കയുടെ അടുത്ത സന്നാഹ മത്സരം. ടി20 ലോകകപ്പില്‍ ശ്രീലങ്കയുടെ ആദ്യ മത്സരം ഫെബ്രുവരി 22-ന് ന്യൂസിലന്‍ഡിന് എതിരെ പെർത്തില്‍ നടക്കും. ഫെബ്രുവരി 21-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ടീം ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.