ഹൈദരാബാദ്: വനിത ടി20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസയേകി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കുല്‍ദീപ് യാദവ്, അമിത് മിശ്ര, ഗുസ്‌തി താരം സുശീല്‍ കുമാർ, ബാഡ്മിന്‍റണ്‍ പരിശീലകന്‍ പുല്ലേലു ഗോപിചന്ദ് തുടങ്ങിയവർ രംഗത്ത്. വനിതാ ക്രിക്കറ്റ് ടീമിന് അഭിമാന നേട്ടം സ്വന്തമാക്കാന്‍ സാധിക്കട്ടെയെന്ന് കായിക താരങ്ങൾ ആശംസിച്ചു.
വനിത ടി20 ലോകകപ്പ്; ഇന്ത്യന്‍ ടീമിന് ആശംസയുമായി കായിക താരങ്ങൾ
ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് ഇന്ത്യക്ക് ഫൈനലില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.
ടീം ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയ ഇതിനകം നാല് തവണ ടി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടുമായിട്ടുള്ള സെമി മഴ കാരണം ഉപേക്ഷിക്കപെട്ടതിനെ തുടർന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ടീം ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ കളിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. 16 വയസ് മാത്രമുള്ള ഓപ്പണർ ഷഫാലി വർമ്മയാണ് ടീം ഇന്ത്യയുടെ പ്രധാന ആയുധം. ലോകകപ്പില്‍ ഇതിനകം നാല് മത്സരങ്ങളില്‍ നിന്നും ഷഫാലി 161 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ഷഫാലിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു. ബൗളിങ്ങില്‍ സ്പിന്നർമാരാണ് ടീം ഇന്ത്യയുടെ മുഖ്യ ആയുധം. പൂനം യാദയവിന്‍റെ നേതൃത്വത്തിലുള്ള സ്പിന്നർമാർ എതിരാളികളെ ലോകകപ്പില്‍ പലതവണ മലർത്തിയടിച്ചു കഴിഞ്ഞു. ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്‍റെ മുന്‍തൂക്കവും ഇന്ത്യക്ക് ലഭിക്കും.