സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം ഐസിസി റാങ്കിങ്ങില്‍ ഒന്നാമതുള്ള രണ്ട് താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായി മാറും. ബാറ്റിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യന്‍ ഓപ്പണർ ഷഫാലി വർമ്മയും ബൗളിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലീഷ് പേസർ സോഫി എക്ലെസ്റ്റോണും സിഡ്‌നിയില്‍ നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ നേർക്കുനേർ വരും. നിലവില്‍ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്നായി 161 റണ്‍സാണ് ഷഫാലിയുടെ സമ്പാദ്യം.
വനിത ടി20 ലോകകപ്പ് സെമി; പോരാട്ടം ലോക ഒന്നാം നമ്പറുകള്‍ തമ്മില്‍ - ഷഫാലി വർമ്മ വാർത്ത
രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങൾ നടക്കുന്ന സിഡ്‌നിയില്‍ മഴ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്
സെമി ഫൈനല്‍ മത്സരങ്ങൾക്ക് മഴ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങളും നടക്കുന്ന മാർച്ച് അഞ്ചിന് സിഡ്‌നിയില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. സെമി ഫൈനല്‍ മത്സരങ്ങൾക്ക് റിസർവ് ദിവസം വേണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം ഐസിസി തള്ളിയിരുന്നു. സിഡ്‌നിയില്‍ വ്യാഴാഴ്‌ച രാവിലെ നടക്കുന്ന സെമി പോരാട്ടത്തില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. അതേസമയം ഉച്ചയോടെ ആരംഭിക്കുന്ന രണ്ടാമത്തെ സെമി ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. മഴ കാരണം മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. ഗ്രൂപ്പ് ചാമ്പ്യന്‍മാർ എന്ന നിലയില്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കാനാകും. സമാന സാഹചര്യമാണ് ദക്ഷിണാഫ്രിക്കക്കും. ചൊവ്വാഴ്‌ച നടക്കേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ബി ഗ്രൂപ്പില്‍ നിന്നും ഏഴ് പോയിന്‍റോടെ ചാമ്പ്യന്‍മാരായാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്നും ആറ് പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാമതായും സെമിയില്‍ ഇടം നേടി. എ ഗ്രൂപ്പില്‍ നിന്നും എല്ലാ മത്സരങ്ങളും ജയിച്ച് എട്ട് പോയിന്‍റോടെ ചാമ്പ്യന്‍മാരായാണ് ഇന്ത്യ മുന്നേറിയത്. രണ്ടാമതായി ഫിനിഷ് ചെയ്‌ത ഓസിസിന് ആറ് പോയിന്‍റാണ് ഉള്ളത്.