മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പില്‍ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യ. ഗ്രൂപ്പ് എയില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ജയം സ്വന്തമാക്കി. 134 റണ്‍സെന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
വനിതാ ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് ടീം ഇന്ത്യ
46 റണ്‍സെടുത്ത ഓപ്പണർ ഷഫാലി വർമ്മയാണ് കളിയിലെ താരം
ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ, ശിഖ പാണ്ഡ്യ, രാജേശ്വരി ഗെയ്ക്ക്‌വാദ്, പൂനം യാദവ്, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കീവ്സ് ഓപ്പണർമാർക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണർമാരായ റേച്ചല്‍ പ്രീസ്റ്റ് 12 റണ്‍സെടുത്തു സോഫി ഡിവൈന്‍ 14 റണ്‍സെടുത്തും പുറത്തായി. മൂന്നാമത് ഇറങ്ങിയ സൂസി ബേറ്റ്സ് അഞ്ച് റണ്‍സെടുത്തും കൂടാരം കയറി. ദീപ്തി ശർമ്മ ബേറ്റ്സിനെ ബൗൾഡാക്കുകയായിരുന്നു. മധ്യനിരയുടെ പിന്‍ബലത്തിലാണ് കിവീസ് പൊരുതിയത്. ആറാമതായി ഇറങ്ങി 34 റണ്‍സെടുത്ത അമേലിയ കേറാണ് കിവീസിന്‍റെ ടോപ്പ് സ്‌കോറർ.
നേരത്തെ ടോസ് നേടിയ കിവീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 46 റണ്‍സെടുത്ത ഷഫാലി വർമ്മയുടെ പിന്‍ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോർ സ്വന്തമാക്കിയത്. ഷഫാലിക്ക് പുറമെ മൂന്നാമത് ഇറങ്ങി 23 റണ്‍സെടുത്ത താനിയ ബാട്ടിയ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. ഓപ്പണർ സ്‌മൃതി മന്ദാന 11 റണ്‍സെടുത്ത് പുറത്തായപ്പോൾ ജമീമ റോഡ്രിഗസ് 10 റണ്‍സെടുത്തും പുറത്തായപ്പോൾ വാലറ്റം സ്കോർ ഉയർത്താന്‍ ശ്രമിച്ചു. ശിഖ പാണ്ഡ്യ 10 റണ്‍സെടുത്ത് പുറത്തായപ്പോൾ രാധാ യാദവ് 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 22 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ലോകകപ്പില്‍ നേരത്തെ ടീം ഇന്ത്യ നിലവിലെ ചാമ്പന്‍മാരായ ഓസ്‌ട്രേലിയയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയിരുന്നു