മെല്‍ബണ്‍:വനിതാ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ടീം ഇന്ത്യ സെമി ഫൈനലിലേക്ക്. ഗ്രൂപ്പ് എയില്‍ ടീം ഇന്ത്യ അവസാന മത്സരത്തില്‍ ശ്രീലങ്കയെ 32 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ശ്രീലങ്ക ഉയർത്തിയ 113 റണ്‍സെന്ന വിജയ ലക്ഷ്യം ഹർമന്‍പ്രീത് കൗറും കൂട്ടരും 14.4 ഓവറില്‍ മറികടന്നു.
34 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണർ ഷഫാലി വർമ്മയാണ് ടീം ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. 17 റണ്‍സെടുത്ത ഓപ്പണർ സ്‌മൃതി മന്ദാനയും 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും മികച്ച പിന്തുണ നല്‍കി. ലങ്കക്ക് വേണ്ടി പ്രബോധിനിയും ശശികല സിരിവർദ്ധനെയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ചമാരി അട്ടപ്പട്ടുവാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. വാലറ്റത്ത് 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കവിഷ ദില്‍ഹരിയാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി സ്‌പിന്നർ രാധാ യാദവ് നാല് വിക്കറ്റ് എടുത്ത് തിളങ്ങിയപ്പോൾ രാജേശ്വരി ഗെയ്‌ക്ക്‌വാദ് രണ്ട് വിക്കറ്റും പൂനം യാദവ്, ശിഖ പാണ്ഡ്യ, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
ലോകകപ്പിന്‍റെ ഭാഗമായുള്ള സെമി ഫൈനല്‍ പോരാട്ടങ്ങൾക്ക് മാർച്ച് അഞ്ചാം തീയ്യതി തുടക്കമാകും. മാർച്ച് എട്ടിനാണ് ഫൈനല്‍ മത്സരം.