ഷാര്‍ജ: വനിതാ എന്നറിയപ്പെടുന്ന ടി20 ചലഞ്ചിന്‍റെ കലാശപ്പോരില്‍ സൂപ്പര്‍നോവാസും ട്രെയില്‍ബ്ലേസേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇരു ടീമുകളും യോഗ്യത നേടിയത്. നേരത്തെ യോഗ്യതാ മത്സരത്തില്‍ മൂന്ന് ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയതോടെയാണ് നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്തിയത്. അവസാന മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്‌സിന് എതിരായ ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സിന്‍റെ ജയമാണ് സൂപ്പര്‍ നോവാസ് സ്വന്തമാക്കിയത്. 147 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഷാര്‍ജയില്‍ മറുപടി ബാറ്റിങ് ആരംഭിച്ച സ്‌മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ട്രെയില്‍ബ്ലേസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപ്‌തി ശര്‍മയാണ് ടോപ്പ് സ്‌കോറര്‍. ദീപ്‌തിയെ കൂടാതെ 27 റണ്‍സെടുത്ത വിന്‍ഡീസ് ഓപ്പണര്‍ ഡോട്ടിന്‍, 33 റണ്‍സെടുത്ത സ്‌മൃതി മന്ദാന, 27 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സൂപ്പര്‍നോവാസിന് വേണ്ടി രാധാ യാദവ്, ഷക്കീറാ സല്‍മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അഞ്ചു പാട്ടീല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
വനിതാ ഐപിഎല്‍: കലാശപ്പോരിന് സൂപ്പര്‍നോവാസും ട്രെയില്‍ബ്ലേസേഴ്‌സും - സൂപ്പര്‍നോവാസിന് കിരീടം വാര്‍ത്ത
നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇരു ടീമുകളും കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്
നേരത്തെ ടോസ് നേടിയ സൂപ്പര്‍ നോവാസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത ചമാരി അട്ടപ്പട്ടുവിന്‍റെ നേതൃത്വത്തിലാണ് സൂപ്പര്‍നോവാസ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. അട്ടപ്പട്ടുവിനെ കൂടാതെ 31 റണ്‍സെടുത്ത ഹര്‍മാന്‍ പ്രീത് കൗറും 30 റണ്‍സെടുത്ത പ്രിയ പൂണിയയും മാത്രമാണ് രണ്ടക്കം കടന്നത്. ജുലാന്‍ ഗോസ്വാമി, ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ സല്‍മാ ഖത്തൂന്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ട്രെയില്‍ബ്ലേസേഴ്‌സിന് വേണ്ടി വിക്കറ്റ് സ്വന്തമാക്കി.
തിങ്കളാഴ്‌ച രാത്രി 7.30നാണ് മൂന്നാമത് വനിതാ ടി20 ചലഞ്ചിന്‍റെ ഫൈനല്‍ പോരാട്ടം. കഴിഞ്ഞ രണ്ട് സീസണിലും സൂപ്പര്‍നോവാസായിരുന്നു ടൂര്‍ണമെന്‍റിലെ വിജയികള്‍.