ജയ്പൂർ:വനിത ഐപിഎല്‍ എന്ന് വിശേഷിപ്പിക്കുന്ന വനിത ടി-20 ചലഞ്ച് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസും സ്മൃതി മന്ദാന നയിക്കുന്ന ട്രെയില്‍ ബ്ലേസേഴ്സും തമ്മില്‍ ഏറ്റുമുട്ടും. ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
വനിത ടി-20 ചലഞ്ചിന് ഇന്ന് ആരംഭം - വനിത ടി-20 ചലഞ്ച്
ആദ്യ മത്സരത്തില്‍ സൂപ്പർ നോവാസും ട്രെയില്‍ ബ്ലേസേഴ്സും നേർക്കുന്നേർ
ഇന്ന് ആരംഭിച്ച് മെയ് 11 വരെയാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ താരങ്ങൾക്കൊപ്പം ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ ടൂർണമെന്‍റില്‍ പങ്കെടുക്കുന്നു. സൂപ്പർ നോവാസില്‍ ജെമീമ റൊഡ്രീഗസ്, നതാലി സ്കിവർ, അനൂജ പാട്ടീല്‍, ലിയ ടഹുഹു, പ്രിയ പൂണിയ, സോഫി ഡിവൈൻ, ടാനിയ ഭാട്ടിയ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഇന്ത്യൻ വനിത ടീമിന്‍റെ മുഖ്യപരിശീലകൻ ഡബ്ല്യു വി രാമനാണ് സുപ്പർ നോവാസിന്‍റെ പരിശീലകൻ. മലയാളിയായ ബിജു ജോർജ്ജാണ് സ്മൃതി മന്ദാന നയിക്കുന്ന ട്രെയില്‍ ബ്ലേസേഴ്സിന്‍റെ പരിശീലകൻ. ദീപ്തി ശർമ്മ, ജൂലൻ ഗോസ്വാമി, സോഫി എക്കലസ്റ്റോൺ, സൂസി ബെറ്റസ്, സ്റ്റെഫാനി ടെയിലർ എന്നിവരാണ് ടീമിലെ സൂപ്പർ താരങ്ങൾ.
ഈ രണ്ട് ടീമുകൾക്കൊപ്പം മിതാലി രാജ് നയിക്കുന്ന വെലോസിറ്റി ടീമും ടൂർണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. ഡാനിയേല വ്യാറ്റ്, ഏക്ത ബിഷ്ട്, വേദാ കൃഷ്ണമൂർത്തി, ഹയിലി മാത്യൂസ് എന്നിവരാണ് വെലോസിറ്റിയിലെ പ്രധാന താരങ്ങൾ. ഇന്ത്യൻ മുൻ വനിത ടീം നായിക മമത മേബനാണ് വെലോസിറ്റിയുടെ പരിശീലക. മെയ് 11നാണ് ഫൈനല്‍. രാജസ്ഥാന്‍റെ ഹോംഗ്രൗണ്ടായ മാൻസിംഗ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.