ന്യൂഡൽഹി:എവേ ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം ഓസ്ട്രേലിയയില്‍ നടക്കും. ബിസിസിഐയുടെ ഉന്നതാധികാര കൗൺസിൽ അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം അവസാനം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യയുടെ ഡേ-നൈറ്റ് ടെസ്റ്റിന് അരങ്ങൊരുങ്ങുക. ഓസ്‌ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ തെയ്യാറെന്ന് കഴിഞ്ഞ മാസം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പറഞ്ഞിരുന്നു. ഓസിസ് നായകന്‍ ടിം പെയിന്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ വെല്ലുവിളിച്ചതിനെ തുടർന്നായിരുന്നും കോലി ഇക്കാര്യം പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര കളിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേ തുടർന്ന് ഒരു മാസത്തിന് ശേഷമാണ് ബിസിസിഐയുടെ പ്രതികരണമുണ്ടാകുന്നത്.
എവേ ഗ്രൗണ്ടില്‍ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ടീം ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുക ഓസ്‌ട്രേലിയയില്‍ എന്ന് ബിസിസിഐ അധികൃതർ
നേരത്തെ പരിചയക്കുറവ് ചൂണ്ടിക്കാട്ടി 2018-ല്‍ അഡ്‌ലെയ്‌ഡിൽ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള ഓസ്‌ട്രേലിയയുടെ ക്ഷണം ടീം ഇന്ത്യ നിരസിച്ചിരുന്നു. ഈഡന്‍ ഗാർഡനില്‍ ബംഗ്ലാദേശിനെതിരെ കഴിഞ്ഞ നവംബറിലാണ് ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്‌റ്റ് കളിച്ചത്. മത്സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 46 റണ്‍സിനും ജയം സ്വന്തമാക്കി.
അതേസമയം ഇതുവരെ സ്വന്തം മണ്ണിൽ നടന്ന ഡേ-നൈറ്റ് ടെസ്‌റ്റുകളില്‍ എല്ലാം ഓസ്‌ട്രേലിയ വിജയിച്ചിട്ടുണ്ട്. ഇത് കോലിക്കും കൂട്ടർക്കും വെല്ലുവിളി ഉയർത്തിയേക്കും. ഇതേവരെ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ ഏഴ് ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. അയർലന്‍ഡും അഫ്‌ഗാനിസ്ഥാനും ഒഴികെ ഐസിസിക്ക് കീഴിലെ എല്ലാ രാജ്യങ്ങളും ഇതിനകം ഡേ-നൈറ്റ് ടെസ്‌റ്റ് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.