ടോന്‍റൺ: ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ബംഗ്ലാദേശിന് 322 റൺസിന്‍റെ വിജയലക്ഷ്യം. പതിഞ്ഞ തുടക്കത്തിന് ശേഷം വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്‌മാന്‍മാര്‍ തകർത്തടിക്കുകയായിരുന്നു. ഷായ് ഹോപ്പ് - എവിൻ ലൂയിസ് കൂട്ടുകെട്ടാണ് വെസ്റ്റ് ഇൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ - വെസ്റ്റ് ഇൻഡീസ്
ഷായ് ഹോപ്പ് - എവിൻ ലൂയിസ് കൂട്ടുകെട്ടാണ് വെസ്റ്റ് ഇൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഹോപ്പ് 96 റൺസെടുത്താണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റൺസെടുത്തു. സ്കോർ ആറ് റൺസില്‍ നില്‍ക്കെ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 13 പന്തില്‍ നിന്ന് ഒരു റണ്‍സ് പോലും നേടാതെ ഓപ്പണർ ക്രിസ് ഗെയ്‌ല്‍ പുറത്താവുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 116 റൺസിന്‍റെ കൂട്ടുകെട്ടാണ് എവിൻ ലൂയിസും ഷായ് ഹോപ്പും കൂടി നേടിയത്. 67 പന്തില്‍ നിന്ന് 70 റൺസെടുത്ത ലൂയിസിന്‍റെ വിക്കറ്റാണ് പിന്നീട് വിൻഡീസിന് നഷ്ടമായത്. നാലാമനായി ഇറങ്ങിയ നിക്കോളാസ് പൂരനോടൊപ്പം ടീമിന്‍റെ സ്കോറിങ് വേഗത വർധിപ്പിക്കാൻ ഹോപ്പ് ശ്രമിച്ചെങ്കിലും 25 റൺസെടുത്ത് പൂരൻ പുറത്തായി. പിന്നാലെയായിരുന്നു ഷിമ്രോൺ ഹെറ്റ്മയറിന്‍റെ വെടിക്കെട്ട്. 26 പന്തില്‍ നാല് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസെടുത്ത് ഹെറ്റ്മയര്‍ പുറത്തായപ്പോൾ ടീം സ്കോർ 242 ല്‍ എത്തിയിരുന്നു. തുടർന്ന് എത്തിയ ആന്ദ്രേ റസ്സല്‍ ഒരു റണ്‍സ് പോലും നേടാതെ പുറത്തായി. പിന്നീട് ഹോപ്പിന് കൂട്ടായി നായകൻ ജേസൺ ഹോൾഡർ എത്തി. 15 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 33 റൺസെടുത്താണ് ഹോൾഡർ പുറത്തായത്.
അധികം വൈകാതെ 96 റൺസെടുത്ത ഹോപ്പിനെയും വിൻഡീസിന് നഷ്ടമായി. ഹോപ്പിനെ മുസ്താഫിസുർ പുറത്താക്കുമ്പോൾ 297 റൺസായിരുന്നു ടീം സ്കോർ. പിന്നീട് എട്ടാം വിക്കറ്റില്‍ ഡാരൻ ബ്രാവോയും ഓഷെയ്ൻ തോമസും ചേർന്ന് സ്കോർ 321ല്‍ എത്തിച്ചു. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്താഫിസുർ റഹ്‌മാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ എവിൻ ലൂയിസിനെയും നിക്കോളാസ് പൂരനെയും ഷാക്കീബ് അല്‍ ഹസൻ പുറത്താക്കി.