ലണ്ടന്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള ഷിമ്രോണ്‍ ഹിറ്റ്മെയറുടെയും ഡാരെന്‍ ബ്രാവോയുടെയും കീമോ പോളിന്‍റെയും തീരുമാനത്തെ മാനിക്കണമെന്ന് മുന്‍ വിന്‍ഡീസ് പേസർ മൈക്കല്‍ ഹോൾഡിങ്. കൊവിഡ് 19 പശ്ചാത്തലത്തിലാണ് മൂന്ന് പേരും വിന്‍ഡീസ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും വിട്ട് നിന്നത്. അഫ്‌ഗാനിസ്ഥാന് എതിരായ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപെട്ട ശേഷം ടീമില്‍ തിരിച്ചെത്തിയ ബ്രാവേക്ക് കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസരമായിരുന്നു ഇംഗ്ലണ്ട് പര്യടനമെന്നും ഹോൾഡിങ് അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് പര്യടനം; വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ അംഗീകരിക്കണമെന്ന് ഹോൾഡിങ്
ജൂലൈ എട്ട് മുതല്‍ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി അടച്ചിട്ട സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം കളിക്കുക
നേരത്തെ പരമ്പരയില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള ബ്രാവോയുടെയും കീമോ പോളിന്‍റെയും ഹിറ്റ്മെയറുടെയും തീരുമാനത്തെ അംഗീകരിക്കുന്നതായി വിന്‍ഡീസ് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിരുന്നു. ജൂലൈ എട്ടിനാണ് പര്യടനത്തിന്‍റെ ഭാഗമായുള്ള വിസ്‌ഡണ്‍ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കുക. മൂന്ന് ടെസ്റ്റുകൾ അടങ്ങിയ പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുക. പര്യടനത്തിനായി നേരത്തെ ഇംഗ്ലണ്ടിലെത്തുന്ന വിന്‍ഡീസ് ടീം ക്വാറന്‍റയിന്‍ കാലാവധിക്ക് ശേഷം പരിശീലനം ആരംഭിക്കും. ഓൾഡ് ട്രാഫോഡിലാണ് പരിശീലനത്തിനും താമസത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നത്.