കറാച്ചി: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമ്മിക്ക് പാകിസ്ഥാന്‍ പൗരത്വം നല്‍കി ആദരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. മാർച്ച് 23-ന് നടക്കുന്ന ചടങ്ങില്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് ആല്‍വിയാകും പൗരത്വം നല്‍കുകയെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഈ ഹൈദർ അവാർഡും സമ്മിക്ക് സമ്മാനിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റ് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന താരമാണ് സമ്മി.
വിന്‍ഡീസ് താരം ഡാരന്‍ സമ്മിക്ക് പാക് പൗരത്വം - സമ്മി വാർത്ത
രാജ്യത്തെ ക്രിക്കറ്റിന് നല്‍കിയ സേവനങ്ങളുടെ പേരില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമ്മിക്ക് ഹോണററി പൗരത്വം നല്‍കാന്‍ ഒരുങ്ങി പാകിസ്ഥാന്‍
പാകിസ്ഥാന്‍ സൂപ്പർ ലീഗിന്‍റെ തുടക്കം മുതല്‍ താരം കളിക്കുന്നുണ്ട്. തീവ്രവാദി ആക്രമണത്തിന് ശേഷം 2017-ല്‍ രാജ്യത്തേക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് തിരിച്ചെത്തിക്കുന്നതില്‍ സമ്മി വലിയ പങ്കാണ് വഹിച്ചത്. സമ്മി പിസിഎല്ലില്‍ കളിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് മറ്റ് വിദേശ താരങ്ങൾ ലീഗില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് സുരക്ഷാ കാരണങ്ങളാല്‍ നിരവധി വിദേശതാരങ്ങൾ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
പിസിഎല്ലില്‍ പെഷവാർ സല്‍മിക്ക് വേണ്ടി കളിക്കുന്ന താരം നിലവില്‍ ടീമിന്‍റെ നായകനാണ്. നേരത്തെ രാജ്യത്തെ ക്രിക്കറ്റ് നല്‍കിയ സേവനങ്ങളുടെ പശ്ചാത്തലത്തില്‍ സമ്മിക്ക് പൗരത്വം നല്‍കി ആദരിക്കണമെന്നും പെഷവാർ സല്‍മിയുടെ ഉടമ ജാവേദ് അഫ്രീദി പാക് സർക്കാരിനോട് ആവശ്യപെട്ടിരുന്നു. പാകിസ്ഥാന്‍ പൗരത്വം നല്‍കി ആദരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സമ്മി. ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡനും ദക്ഷിണാഫ്രിക്കന്‍ താരം ഹെർഷല്‍ ഗിബ്സുമാണ് ഇതിന് മുമ്പ് വിദേശ പൗരത്വം നല്‍കി ആദരിക്കപ്പെട്ട ക്രിക്കറ്റ് താരങ്ങൾ.