സിഡ്നി: ലോകോത്തര ബോളിങ് നിരകളുടെ മുനയോടിക്കാന്‍ ശേഷിയുള്ള ബാറ്റ്സ്‌മാനായിരുന്നു മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. വന്‍ മതിലെന്ന വിളിപ്പേര് അദ്ദേഹം അന്വർത്ഥമാക്കി.
ദ്രാവിഡിന്‍റെ ഇന്നിങ്സുകളെ ഒർമ്മിപ്പിക്കുന്നതായിരുന്നു ന്യൂസിലാന്‍റിനെതിരായ സിഡ്നി ടെസ്‌റ്റിലെ ആദ്യദിവസം ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്തിന്‍റേത്.
2008-ല്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന സിഡിനി ടെസ്‌റ്റില്‍ ദ്രാവിഡ് ഒരു റണ്‍സെടുത്തപ്പോൾ സ്‌റ്റേഡിയത്തിലെ കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. റണ്ണൊന്നും എടുക്കാതെ 40 ബോളുകൾ നേരിട്ട് ക്രീസില്‍ നിലയുറപ്പിച്ച ശേഷം ഒരു റണ്‍സെടുത്തപ്പോഴായിരുന്നു എഴുന്നേറ്റ് നിന്നുള്ള ആദരം. ആ സംഭവം ഓർമിച്ചെടുത്ത് സമയോചിതമായി ട്വീറ്റ് ചെയ്യാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മറന്നില്ല.
സിഡ്‌നിയില്‍ ഒരു പതിറ്റാണ്ടിനിപ്പുറും ന്യൂസിലാന്‍ഡിനെതിരായ ടെസ്‌റ്റില്‍ ഓസിസ് താരം സ്റ്റീവ് സ്‌മിത്ത് സമാന പ്രകടനം കാഴ്ച്ചവെച്ചു. ന്യൂസിലാന്‍ഡിനെതിരെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സ്‌മിത്ത് 39 ഡോട്ട് ബോളുകൾക്ക് ശേഷം ഒരു റണ്‍സെടുത്തു. സ്‌മിത്തിന്‍റെ പ്രകടനത്തില്‍ സിഡിനിയിലെ ക്രിക്കറ്റ് ആരാധകർ വീണ്ടും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
സിഡ്നി ടെസ്‌റ്റില്‍ ആദ്യ ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 454 റണ്‍സെടുത്ത് കൂടാരം കയറി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോൾ വിക്കറ്റൊന്നും നഷ്‌ടപെടാതെ 51 റണ്‍സെടുത്തു. 24 റണ്‍സെടുത്ത നായകന്‍ ടോം ലാഥവും 24 റണ്‍സെടുത്ത ടോം ബ്ലണ്ടലുമാണ് ക്രീസില്‍.