ചെന്നൈ; മഹേന്ദ്രസിങ് ധോണി എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിന് എക്കാലവും ആവേശമാണ്. കപില്‍ദേവിന് ശേഷം ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച നായകൻ. ഏത് കൊടുങ്കാറ്റിലും കൂളായി മത്സരഗതിയെ മാറ്റി മറിക്കുന്ന ബാറ്റ്സ്മാൻ. ഇതിനേക്കാളേറെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എംഎസ് ധോണി. കുട്ടിക്ക്രിക്കറ്റ് ഇന്ത്യയില്‍ വേരുറപ്പിച്ച കാലം മുതല്‍ ധോണി അതിന്‍റെ 'ബ്രാൻഡ് അംബാസിഡറാണ്'. ചെന്നൈ സൂപ്പർകിംഗ്സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച നായകൻ ക്രിക്കറ്റിലേക്ക് മടങ്ങി വരുമ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിയാണ്. 2019 ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ശേഷം ധോണി ക്രിക്കറ്റിന്‍റെ എല്ലാ മേഖലകളിലും നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
സൂപ്പർ കിങായി 'തല' തിരിച്ചെത്തി; ആരാധകർ ആവേശത്തില്‍
ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ധോണിയുടെ പരിശീലനം കാണാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. മാർച്ച് 29ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ആദ്യ മത്സരം.
സൈനിക സേവനവും വോളിബോളും യാത്രകളും ഭക്ഷണപ്രേമവുമൊക്കെയായി ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സ്വന്തം 'തല' സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സജീവമായിരുന്നു. ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലന ക്യാമ്പില്‍ ധോണി എത്തിയതും ആരാധകർ ആവേശമാക്കി. ചെപ്പോക്കിലെ പരിശീലന ക്യാമ്പില്‍ ധോണി ബാറ്റ് ചെയ്യുന്നത് കാണാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയിരുന്നത്. ടീമിനൊപ്പം ബസില്‍ യാത്ര ചെയ്യുമ്പോൾ ഇരു ചക്ര വാഹനങ്ങളില്‍ ആരാധകർ പിന്തുടരുന്ന വീഡിയോയും വൈറലാണ്. ഐപിഎല്ലിലെ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ ചെന്നൈ ഇത്തവണ നേരത്തെ പരിശീലനം തുടങ്ങിയിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായിഡു, മുരളി വിജയ്, കരൺ ശർമ, പീയൂഷ് ചൗള എന്നിവർക്കൊപ്പമാണ് ധോണി പരിശീലിക്കുന്നത്.
ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് അടക്കം ചർച്ചകൾ നടക്കുമ്പോഴാണ് വീണ്ടും ഐപിഎല്‍ എത്തുന്നത്. ഐപിഎല്ലിനെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത് എന്ന് നേരത്തെ ടീം ഇന്ത്യയുടെ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു. വിരമിക്കലിനെ കുറിച്ച് ധോണിക്ക് തീരുമാനിക്കാം എന്നാണ് സെലക്ടർമാരുടേയും നിലപാട്. മാർച്ച് 29ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ആദ്യ മത്സരം. ഏപ്രില്‍ രണ്ടിന് രാജസ്ഥാൻ റോയല്‍സുമായാണ് ചെന്നൈയുടെ ആദ്യ ഹോം മത്സരം.