അഡ്‌ലെയ്‌ഡ്:ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ആതിഥേയരായ ഓസ്‌ട്രേലിയക്ക് 134 റണ്‍സ് കൂറ്റന്‍ ജയത്തോടെയാണ് തുടങ്ങിയത്. സെഞ്ച്വറിയെടുത്ത് (56 പന്തില്‍ 100 റണ്‍സ്) പുറത്താകാതെ നിന്ന ഡേവിഡ് വാർണറുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയ 233 റണ്‍സെടുത്തു. വാർണറുടെ പ്രഥമ ട്വന്‍റി-20 സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ശ്രീലങ്കക്കെതിരേ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം - Australia T20 news
ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്‍റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 134 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്വന്‍റി-20 ജയം കൂടിയാണ് ഇത്
![ശ്രീലങ്കക്കെതിരേ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4884454-362-4884454-1572178016115.jpg)
36 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 28 പന്തില്‍ 62 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലും വാർണർക്ക് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്‌റ്റാർക്കും രണ്ടുവീതവും ആഷ്‌ടണ്‍ അഗർ ഒരു വിക്കറ്റും വീഴ്ത്തി.
ശ്രീലങ്കന്‍ ബോളർ കശുന്‍ രജിത വിക്കറ്റൊന്നും എടുക്കാതെ നാല് ഓവറില്‍ 75 റണ്‍സ് വഴങ്ങി. ലക്ഷന്‍ സന്ധാകന്‍, ദസുന്‍ ഷനക എന്നിവർ ശ്രീലങ്കയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 17 റണ്‍സെടുത്ത ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്വന്‍റി-20 വിജയം കൂടിയാണ് ശ്രീലങ്കക്ക് എതിരെ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയർ 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ഈ മാസം 30-ന് നടക്കും.