ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഡെസേർട്ട് സ്റ്റോം പോലൊരു ഇന്നിങ്‌സ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യന്‍ ഫുട്‌ബോൾ ടീം നായകന്‍ സുനില്‍ ഛേത്രിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ വീഡിയോ ചാറ്റിലാണ് കോലി തന്‍റെ ആഗ്രഹം പങ്കുവെച്ചത്. 1998-ല്‍ ഷാർജയില്‍ നടന്ന ത്രിരാഷ്‌ട്ര ടൂർണമെന്‍റില്‍ ഓസ്‌ട്രേലിയക്ക് എതിരെ സച്ചിന്‍ കളിച്ച ഇന്നിങ്‌സ് കളിക്കണമെന്ന ആഗ്രഹമാണ് കോലി പ്രകടിപ്പിച്ചത്. 22 വർഷം മുമ്പ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സച്ചിന്‍ 131 പന്തില്‍ ഓസിസിന് എതിരെ 143 റണ്‍സ് സ്വന്തമാക്കി. മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകർത്തുകൊണ്ടാണ് അന്ന് സച്ചിന്‍ സെഞ്ച്വറി സ്വന്തമാക്കിയത്.
സച്ചിന്‍റെ ഇന്നിങ്‌സ് ആവർത്തിക്കാന്‍ ആഗ്രഹം: വിരാട് കോലി - സച്ചിന്‍ വാർത്ത
1998-ല്‍ ഷാർജയില്‍ ഓസ്‌ട്രേലിയക്ക് എതിരെ 143 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇന്നിങ്‌സ് ആവർത്തിക്കണമെന്ന ആഗ്രഹമാണ് വിരാട് കോലി പ്രകടിപ്പിച്ചത്
ടൂര്‍ണമെന്‍റില്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ച സച്ചിന്‍റെ ഇന്നിങ്‌സ് കളിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് കോലി പറഞ്ഞു. കലാശ പോരിലും ഓസീസിനെതിരെ മാസ്റ്റർബ്ലാസ്റ്റർ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. സച്ചിന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം മറികടക്കാന്‍ സാധ്യതയുള്ള നിലവിലെ ഒരേയൊരു താരം കോലി മാത്രമാണ്. സച്ചിന്‍റെ 100 സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് ഇനി രാജ്യാന്തര തലത്തില്‍ 30 സെഞ്ച്വറി കൂടി സ്വന്തമാക്കേണ്ടതുണ്ട്.