മുംബൈ:ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റില്‍ വലത് കൈ വിരലുകൾക്ക് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയുടെ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ബിസിസിഐയുടെ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹാന്‍റ് ആന്‍റ് റിസ്റ്റ് സ്‌പെഷലിസ്‌റ്റിന്‍റെ നിർദേശപ്രകാരമായിരുന്നു ശസ്‌ത്രക്രിയ. ചൊവ്വാഴ്ച്ച മുംബൈയില്‍ വെച്ച് നടന്ന ശസ്‌ത്രക്രിയക്ക് ശേഷം താരം സുഖംപ്രാപിച്ച് വരികയാണ്. ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താമസിയാതെ അദ്ദേഹത്തിന്‍റെ തുടർ ചികിത്സ ആരംഭിക്കും.
വൃദ്ധിമാന്‍ സാഹയുടെ ശസ്‌ത്രക്രിയ വിജയകരം - പരിക്കേറ്റ സാഹക്ക് ശസ്‌ത്രക്രിയ വാർത്ത
പിങ്ക് ബോൾ ടെസ്‌റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയുടെ ശസ്‌ത്രക്രിയ വിജയകരം
ടെസ്‌റ്റ് ക്രിക്കറ്റില്‍ 100 ബാറ്റ്സ്‌മാന്‍മാരെ പുറത്താക്കുന്നതില്‍ പങ്കാളിയായ അഞ്ചാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് 35 വയസുള്ള സാഹ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഈഡന്‍ ഗാർഡനിലെ പകല്‍-രാത്രി ടെസ്‌റ്റിലാണ് ഈ അപൂർവ നേട്ടം താരത്തെ തേടിയെത്തിയത്. അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡിനൊപ്പമെത്താന്‍ സാഹക്ക് ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. ധോണി ഇതിനകം 294 പുറത്താക്കലുകളുടെ ഭാഗമായിക്കഴിഞ്ഞു.
2018-ല്‍ സാഹക്ക് ഐപിഎല്‍ മത്സരത്തിനിടെ ഇടത് കയ്യിലെ പെരുവിരലിന് പരുക്കേറ്റിരുന്നു. പിന്നീട് തോളിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് ഇംഗ്ലണ്ടില്‍ വെച്ച് ശസ്‌ത്രക്രിയ നടത്തിയിരുന്നു. പരിക്കുകളെ തുടർന്ന് അദ്ദേഹത്തിന് നിരവധി മത്സരങ്ങളും നഷ്‌ടമായി.