മുംബൈ: പണക്കൊഴുപ്പിന്‍റെ കായിക മേളയായ ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്‌പോൺസർഷിപ്പില്‍ നിന്ന് വിവോ പിൻമാറിയത് ബിസിസിഐയെ ബാധിക്കില്ലെന്ന് പ്രസിഡന്‍റ് സൗരവ് ഗാംഗുലി. വിവോയുടെ പിൻമാറ്റം ചെറിയ വ്യതിയാനം മാത്രമാണ്. അതിന്‍റെ പ്രത്യാഘാതങ്ങൾ നേരിടാനുള്ള കരുത്ത് ബിസിസിഐയ്ക്കുണ്ടെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വിവോ സ്പോൺസർഷിപ്പില്‍ നിന്ന് പിൻമാറിയത്. എന്നാല്‍ ഐപിഎല്‍ വരുമാനത്തിന്‍റെ പ്രധാന പങ്കും ടൈറ്റില്‍ സ്പോൺഷിപ്പില്‍ നിന്ന് ആയതിനാല്‍ വിവോയുടെ പിൻമാറ്റം ബിസിസിഐയെ സാമ്പത്തികമായി ബാധിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
വിവോ പോയത് പ്രതിസന്ധിയല്ല: പ്ലാൻ ബിയുണ്ടെന്ന് ഗാംഗുലി - ഐപിഎല്‍ ടൈറ്റില്‍ സ്പോൺസർഷിപ്പ്
2018 മുതല്‍ 2022 വരെയുള്ള ഐപിഎല്‍ ടൈറ്റില്‍ സ്പോൺസർ ഷിപ്പ് വഴി ഓരോ വർഷവും 440 കോടി രൂപയാണ് വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. വിവോ പിൻമാറിയതോടെ ഈ തുക ലഭിക്കില്ല. പകരം സ്പോൺസറെ ഇനിയും ബിസിസിഐയ്ക്ക് കണ്ടെത്താനായിട്ടില്ല.
2018 മുതല്‍ 2022 വരെയുള്ള ഐപിഎല്‍ ടൈറ്റില്‍ സ്പോൺസർഷിപ്പ് വഴി ഓരോ വർഷവും 440 കോടി രൂപയാണ് വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. വിവോ പിൻമാറിയതോടെ ഈ തുക ലഭിക്കില്ല. പകരം സ്പോൺസറെ ഇനിയും ബിസിസിഐയ്ക്ക് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തെ സാമ്പത്തിക പ്രതിസന്ധി എന്ന് വിളിക്കാനാകില്ലെന്നാണ് ഒരു വെബിനാറില്‍ സംസാരിക്കവേയാണ് സൗരവ് ഗാംഗുലി പറഞ്ഞത്. " ചെറിയൊരു വ്യതിയാനം മാത്രമാണത്. ഒരു വഴി അടഞ്ഞാല്‍ മറ്റു വഴികൾ തുറക്കുക എന്നതാണ് പ്രധാനം. പ്ലാൻ എ പാളിയാല്‍ പ്ലാൻ ബി ഉണ്ടാകും. ഇത്തരം ഘട്ടങ്ങളില്‍ ബിസിസിഐയ്ക്ക് പ്ലാൻ ബി ഉണ്ട്. വിവരമുള്ളവർ ഈ രീതിയിലാണ് കാര്യങ്ങൾ ചെയ്യുക. വലിയ ബ്രാൻഡുകളും കോർപ്പറേറ്റുകളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.
നീണ്ടകാലം തികച്ചും പ്രൊഫഷണലായി കാര്യങ്ങൾ കൈകാര്യം ചെയ്‌താല്‍ മാത്രമേ ആർക്കായാലും ഇത്തരത്തില്‍ പ്രവർത്തിക്കാനാകൂ. വലിയ നേട്ടങ്ങൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൈവരുന്നതല്ല. വലിയ നേട്ടങ്ങൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും കൈവിട്ടു പോകുകയുമില്ല. നീണ്ട കാലത്തെ തയ്യാറെടുപ്പുകൾ ചെറിയ നഷ്ടങ്ങൾ സഹിക്കാനും നമ്മെ പ്രാപ്‌തരാക്കും. അതുവഴി വലിയ വിജയങ്ങളിലേക്ക് മുന്നേറാനും സാധിക്കും. ബിസിസിഐ വളരെ കെട്ടുറപ്പുള്ള പ്രസ്ഥാനമാണ്. ക്രിക്കറ്റും താരങ്ങളും മുൻ ഭരണാധികാരികളും ഇതിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെടുത്തു". ഇത്തരം ചെറിയ പ്രശ്നങ്ങൾ ബിസിസിഐയ്ക്ക് അനായാസം മറികടക്കാൻ സാധിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.