ഇന്ത്യൻ പരിശീലകനായി നിലവിലെ പരിശീലകൻ രവി ശാസ്‌ത്രി തന്നെ തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് വേണ്ടി യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തിയ പത്ര സമ്മേളനത്തിലാണ് കോഹ്‌ലി തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.
പരിശീലകനായി ശാസ്‌ത്രി തന്നെ മതി : വിരാട് കോഹ്‌ലി - രവി ശാസ്തി
ശാസ്‌ത്രിയുമായി ടീമിന് നല്ല ബന്ധമാണുള്ളതെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി
ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ശാസ്‌ത്രിയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന അഭിപ്രായം ഉയർന്നുവന്നിരുന്നു. ഇന്ത്യൻ പരിശീലകന്‍റെയും സപ്പോർട്ടിങ് സ്റ്റാഫിന്‍റെയും കാലാവധി ലോകകപ്പോടെ അവസാനിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനം തീരുന്നത് വരെ കാലാവധി നീട്ടുകയായിരുന്നു.
ശാസ്‌ത്രിയുമായി ടീമിന് നല്ല ബന്ധമാണുള്ളതെന്നും അത് കൊണ്ട് തന്നെ അദ്ദേഹം തുടരുന്നത് എല്ലാവരെയും സന്തോഷപ്പെടുത്തുമെന്നും കോഹ്‌ലി കൂട്ടിചേർത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. ശാസ്‌ത്രിക്ക് പുറമേ റോബിൻ സിങ്, വിരേന്ദർ സേവാഗ്, മഹേല ജയവർധനെ, ഗാരി കിർസ്റ്റൻ, ടോം മൂഡി, മൈക്ക് ഹസി തുടങ്ങിയ പ്രമുഖ താരങ്ങളും മുഖ്യപരിശീലകനാകാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.