ഹൈദരാബാദ്:ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 928 പോയിന്റുമയി ഇന്ത്യന്‍ നായകന് വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. തിങ്കളാഴ്ച്ചയാണ് ഐസിസി പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെക്കാൾ 16 പോയന്റിന്റെ വ്യത്യാസമാണ് കോലിക്കുള്ളത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരിയിലെ മികച്ച പ്രകടനമാണ് കോലിക്ക് ഗുണമായത്. ചേതേശ്വർ പൂജാരയും അജങ്ക്യാ രഹാനയുമാണ് ആദ്യ പത്തില്‍ ഉൾപ്പെട്ട മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങൾ. പൂജാര നാലാം സ്ഥാനവും രഹാന ആറാം സ്ഥാനവും നിലനിർത്തി.
ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നാണ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയ താരം. ന്യൂസിലാന്റിന് എതിരായ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ലബുഷെ്യ്ന് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് എത്തി. പെർത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ലബുഷെയ്ന് സെഞ്ച്വറിയോടെ 143 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.