ഹാമില്‍ട്ടണ്‍: ബാറ്റ് കൊണ്ട് മാത്രമല്ല ഫീല്‍ഡിങ്ങിലും മിന്നും താരമായി മാറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലെ ഫീല്‍ഡിങ്ങില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജോണ്ടി റോഡ്‌സിനെ ഓർമ്മിപ്പിച്ചാണ് കോലിയുടെ പ്രകടനം.
29-ാം ഓവറിലായിരുന്നു കോലിയുടെ മിന്നല്‍ ഫീല്‍ഡിങ്ങ്. പേസർ ജസ്‌പ്രീത് ബുമ്രയുടെ മൂന്നാമത്തെ പന്ത് പ്രതിരോധിച്ച് അതിവേഗത്തില്‍ സിംഗിളെടുക്കാന്‍ റോസ്‌ടെയ്‌ലർ നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി. എന്നാല്‍ കവറില്‍ ഫീല്‍ഡ് ചെയ്യുന്ന കോലി ഓടിയടുത്ത് പന്തുമായി സ്‌ട്രൈക്കിങ് എന്‍ഡില്‍ സ്‌റ്റംപിലേക്ക് കുതിച്ചു. കോലിയുടെ ശ്രമം വെറുതെയായില്ല. കിവീസ് നിരയില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്തിരുന്ന ഓപ്പണർ ഹെന്‍റട്രി നിക്കോൾസണ്‍ റണ്‍ ഔട്ടായി. ജോണ്ടി റോഡ്‌സിന്‍റെ പ്രകടനത്തെ ഓർമ്മിപ്പിച്ചാണ് കോലിയുടെ പ്രകടനം. നിക്കോളാസ് പുറത്താകുമ്പോൾ 171 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു കിവീസ്. 128 പന്തില്‍ 11 ഫോർ ഉൾപ്പെടെ 78 റണ്‍സായിരുന്നു കൂടാരം കയറുമ്പോൾ താരത്തിന്‍റെ പേരിലുണ്ടായിരുന്നത്.