ദുബായ്: ഐസിസിയുടെ 2019-ലെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തെരഞ്ഞെടുത്തു. 2018-19 വർഷം കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലും ദക്ഷിണാഫ്രിക്കയിലും ബംഗ്ലാദേശിലും നടന്ന ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ എത്താനും കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചു.
മായങ്ക് അഗർവാൾ മാത്രമാണ് കോലിയെ കൂടാതെ ടെസ്റ്റ് ടീമില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിനില്‍ക്കുന്ന മാർനസ് ലബുഷെയിനും ടെസ്റ്റ് ടീമില്‍ ഇടം നേടി. ലബുഷെയിന്‍ അടുത്തിടെയാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയതോടെയാണ് താരം റാങ്കിങ്ങില്‍ മൂന്നാമതായത്. ന്യൂസിലന്‍ഡിനെതിരെ സിഡ്‌നിയില്‍ നടന്ന മത്സരത്തിലാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്. 25 വയസുള്ള താരം സിഡ്‌നി ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 215 റണ്‍സും രണ്ടാമത്തെ ഇന്നിങ്സില്‍ 59 റണ്‍സും എടുത്തിയിരുന്നു. 549 റണ്‍സെടുത്ത് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന നേട്ടവും ലബുഷെയിന്‍ സ്വന്തമാക്കി. 2019-ല്‍ ഏറ്റവും കുടുതല്‍ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സും ടീമില്‍ ഇടം നേടി.
അതേസമയം കോലി അടക്കം നാല് ഇന്ത്യന്‍ താരങ്ങൾ ഐസിസിയുടെ ഏകദിന ടീമില്‍ ഇടം നേടി. ഹിറ്റ്മാന്‍ രോഹിത് ശർമ, ഏകദിന ക്രിക്കറ്റില്‍ 2019-ല്‍ കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് കോലിയെ കൂടാതെ ഏകദിന ടീമില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങൾ.