പൊച്ചെഫെസ്‌ട്രൂം:ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും തമ്മിലുണ്ടായ വാക്കേറ്റം വിവാദമാകുന്നു. ബംഗ്ലാദേശ് പ്രഥമ കിരീടം സ്വന്തമാക്കിയ ശേഷമായിരുന്നു സംഭവം. ആഹ്ളാദ പ്രകടനത്തിനിടെ ബംഗ്ലാദേശ് ടീം അംഗങ്ങൾ ഇന്ത്യന്‍ ടീം അംഗങ്ങളുമായി വാക്കേറ്റത്തില്‍ ഏർപ്പെട്ടു. ആവേശകരമായ വിജയത്തിന് ശേഷം മൈതാനത്തേക്ക് കുതിച്ചുകയറിയ ബംഗ്ലാദേശ് കളിക്കാരും ഇന്ത്യൻ ടീം അംഗങ്ങളെ കുറിച്ച് അനഭിലഷണീയമായ അഭിപ്രായ പ്രകടനം നടത്തിയതായാണ് സൂചന. ഇതിനിടെ ബംഗ്ലാദേശിന്‍റെ പതാക കേടായി. മത്സരത്തിനിടെ ഉണ്ടായ അസ്വാരസ്യങ്ങൾ ഐസിസി ഗൗരവത്തില്‍ കാണുന്നതായാണ് സൂചന.
ബംഗ്ലാദേശ് അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഗ്രൗണ്ടില്‍ നടന്ന വാക്കേറം. നേരത്ത ഫൈനല്‍ മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരങ്ങൾ നടത്തുന്ന സ്ലഡ്‌ജിങ്ങിന് സമാനമായ പ്രകടനം ബംഗ്ലാദേശ് താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇത് ഇരു ടീം അംഗങ്ങൾക്കിടയിലും പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്‌തു.
മത്സരത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും എന്നാല്‍ ബംഗ്ലാദേശ് ടീമിന്‍റെ ഗ്രൗണ്ടിലെ പ്രതികരണം മോശമായ രീതിയിലായിരുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പ്രിയം ഗാർഗ് പറഞ്ഞു. മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഗ്രൗണ്ടില്‍ ഉണ്ടായത്. പക്ഷെ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും പ്രിയം കൂട്ടിചേർത്തു.
അതേസമയം മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തില്‍ ബംഗ്ലാദേശ് നായകന്‍ അക്ബർ അലി ടീം അംഗങ്ങളുടെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറയില്ല. പ്രായത്തിന്‍റെ എടുത്തുചാട്ടമാണെന്നും വൈകാരിക പ്രകടനമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തിലും എതിരാളികളോട് ബഹുമാനം കാണക്കമായിരുന്നുവെന്നും അക്ബർ അലി പറഞ്ഞു.