ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പന്ത്രണ്ടാം സീസണില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിരീടം നേടുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൾ വോൺ. മാർച്ച് 23ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്‍റിന് തുടക്കമാകുന്നത്.
ഈ ഐപിഎല്‍ കിരീടം ബാംഗ്ലൂരിനുളളത്: മൈക്കിൾ വോൺ - ROYAL CHALLENGERS BANGLORE
ഈ സീസണിലെ ഐപിഎല്‍ കിരീടം കരുത്തുറ്റ ബാറ്റിങ് നിരയുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് മൈക്കൾ വോൺ.
ഐപിഎല്ലിന്‍റെ പതിനൊന്ന് വർഷത്തെ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാൻ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. എല്ലാ സീസണിലും കരുത്തരായ താരങ്ങളെ അണിനിരത്തിയാണ് ബാംഗ്ലൂർ കളിക്കാനിറങ്ങുന്നത്. ക്രിസ് ഗെയ്ല്‍, വിരാട് കോഹ്ലി, ഡിവില്ലിയേഴ്സ് ഉൾപ്പടെയുള്ള വമ്പൻ താരങ്ങളടക്കം ടീമിലുണ്ടായിട്ടും ബാംഗ്ലൂരിന് കാലിടറുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ സീസണില്‍ ഗെയ്ലിന് പകരം ഡികോക്ക്, മക്കലം ഉൾപ്പടെയുള്ള കൂറ്റനടിക്കാരുണ്ടായിട്ടും ബാംഗ്ലൂർ ആറാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
ഈ സീസണിലും കരുത്തുറ്റ ബാറ്റിങ് നിരയുമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ കിരീടം സ്വന്തമാക്കുമെന്നാണ് വോണിന്‍റെ പ്രവചനം. പ്രധാന താരങ്ങളായ കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും ബാംഗ്ലൂർ നിലനിർത്തിയപ്പോൾ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിമ്രോൻ ഹെറ്റ്മെയർ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, യുവ ഇന്ത്യൻ താരം ശിവം ഡൂബെ എന്നിവരെ ബാംഗ്ലൂർ താരലേലത്തില്‍ സ്വന്തമാക്കി. ഈ സാഹചര്യത്തിലാണ് മൈക്കല്‍ വോണിന്‍റെ ഐപിഎല്‍ പ്രവചനം.