ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന്ആവശ്യപ്പെട്ട് തയ്യാറാക്കിയ കത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ ബിസിസിഐ യോഗത്തിലെടുക്കും.പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ പങ്കെടുത്താല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് കത്തിന്‍റെ ഉള്ളടക്കം. മുൻ ബിസിസിഐ അധ്യക്ഷനായിരുന്ന ഐസിസി ചെയർമാൻ ശശാങ്ക് മനോഹറിനുള്ളതാണ് കത്ത്. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയുടെ നിർദ്ദേശപ്രകാരം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയാണ് കത്ത് തയ്യാറാക്കിയത്.
പാകിസ്ഥാനുമായി ക്രിക്കറ്റ്; ബിസിസിഐയുടെ നിർണായക യോഗം ഇന്ന് - ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്
പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ബിസിസിഐ നിലപാട്. വ്യത്യസ്ത അഭിപ്രായങ്ങളുമായി മുൻ ഇന്ത്യൻ താരങ്ങൾ.
ബിസിസിഐക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ കത്ത് നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും വിലയിരുത്തലുകളുണ്ട്. ഒരു ടീമിനെ ടൂർണമെന്‍റില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെടാൻ മാത്രമാണ് കഴിയുക.അത് നടപ്പിലാക്കുക എളുപ്പമല്ലെന്നും ബിസിസിഐയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യക്ക് പിന്മാറാമെന്നല്ലാതെ പാകിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെടാനുള്ള ഒരു സാധ്യതയും ഐസിസി ഭരണഘടനയിലില്ലെന്നാണ് ഈ നീക്കത്തെ എതിർക്കുന്നവരുടെ വാദം.
ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തില്‍ മുൻ താരങ്ങൾക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുൻ നായകൻ സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ് എന്നിവർ പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്കർ പറഞ്ഞു. മത്സരം ബഹിഷ്കരിക്കുന്നതിന് പകരം പാകിസ്ഥാനെതിരെ കളിച്ച് അവരെ കീഴ്പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.