പൊച്ചെസ്‌ട്രോം; തുടർച്ചയായ രണ്ടാം അണ്ടർ 19 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറുമ്പോൾ കപ്പ് ഇന്ത്യയിലേക്ക് വരുമെന്ന് ആരാധകർ ഉറപ്പിച്ചതാണ്. അത്രമേല്‍ ശക്തമായ ബാറ്റിങ്, ബൗളിങ് നിരയുമായാണ് ഇന്ത്യ ലോകകപ്പിന് ഒരുങ്ങിയത്. ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ ശേഷവും ഇന്ത്യ ഒട്ടും മോശമാക്കിയില്ല. ബാറ്റിങില്‍ യശസ്വി ജയ്‌സ്വാൾ എന്ന യുവ സൂപ്പർ താരവും നായകൻ പ്രിയം ഗാർഗ്, ധ്രുവ് ജുറൈല്‍, തിലക് വർമ അടക്കമുള്ള താരങ്ങളുടെ ബാറ്റിങ് മികവും എതിരാളികളെ തകർത്ത് മുന്നേറാൻ ഇന്ത്യയെ സഹായിച്ചു.
കാർത്തിക് ത്യാഗി, രവി ബിഷ്ണോയി എന്നി ബൗളർമാർ ഏത് ടീമിന്‍റെയും ബാറ്റിങ് നിരയ്ക്ക് ശക്തമായ വെല്ലുവിളിയായി. ഫൈനലല്‍ വരെയുള്ള ടീം ഇന്ത്യയുടെ ജയത്തുടർച്ച അണ്ടർ 19 ലോകകപ്പിലെ മറ്റൊരു റെക്കോഡ് കൂടിയായി. എന്നാല്‍ കലാശപ്പോരിന് ബംഗ്ലാദേശ് എത്തിയതോടെ കളി മാറി. ആദ്യ പന്തു മുതല്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ബംഗ്ലാദേശ് മത്സരത്തില്‍ ഒരു പഴുതുപോലും അനുവദിക്കാതെയാണ് ബൗൾ ചെയ്തത്. ഫീല്‍ഡില്‍ പഴയ ദക്ഷിണാഫ്രിക്കൻ ടീമിനെ അനുസ്മരിപ്പിക്കും വിധം പന്തുകൾ തടഞ്ഞ ബംഗ്ലാ ഫീല്‍ഡർമാർ ആദ്യ പത്ത് ഓവറില്‍ തന്നെ കിരീടം സ്വന്തമാക്കിയിരുന്നു.