പൊച്ചെഫെസ്‌ട്രൂം:അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് എതിരെ ബംഗ്ലാദേശിന് 178 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ബംഗ്ലാദേശ് ബൗളിങ് നിരക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞു. 47.2 ഓവറില്‍ ടീം ഇന്ത്യ കൂടാരം കയറി.
അണ്ടർ 19 ലോകകപ്പ്; ബംഗ്ലാദേശിന് 178 റണ്‍സിന്‍റെ വിജയ ലക്ഷ്യം - അണ്ടർ 19 ലോകകപ്പ് വാർത്ത
88 റണ്‍സോടെ അർദ്ധ സെഞ്ച്വറി എടുത്ത് പുറത്തായ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മാത്രമാണ് ബംഗ്ലാദേശ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനിന്നത്. 177 റണ്‍സിന് ടീം ഇന്ത്യ കൂടാരം കയറി
121 പന്തില്‍ 88 റണ്‍സോടെ അർദ്ധ സെഞ്ച്വറി എടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാളിന്‍റെ പിന്‍ബലത്തിലാണ് ടീം ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ജയ്‌സ്വാളിനെ കൂടാതെ 38 റണ്‍സെടുത്ത തിലക് വർമയും 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സമാന്‍ ദ്രുവ് ചന്ദ് ജുറലും മാത്രമാണ് രണ്ടക്കം കടന്നത്. യശസ്വിയും തിലക് വർമയും ചേർന്ന് ഇന്ത്യക്കായി അർദ്ധ സെഞ്ച്വറിയോടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനായി അവിഷേക് ദാസ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഷൊരീഫുൾ ഇസ്ലാമും ഹസ്സന്‍ സാക്കിബും രണ്ട് വിക്കറ്റ് വീതവും റാക്കിബുല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഫൈനല്‍ പോരാട്ടത്തില്‍ ഹാസന്‍ മുറാദിന് പകരം അവിഷേക് ദാസിനെ അന്തിമ ഇലവനില്‍ ഉൾപ്പെടുത്തിയ തീരുമാനം ബംഗ്ലാദേശിന് ഗുണം ചെയ്‌തു. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ജുറലിനെ ബംഗ്ലാദേശ് നായകന്‍ അലി അക്‌ബർ റണ്‍ ഔട്ടാക്കുകയായിരുന്നു.
പാകിസ്ഥാന് എതിരായ സെമി ഫൈനലില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് പ്രിയം ഗാർഗിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ അണ്ടർ 19 ലോകകപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് പൊച്ചെഫെസ്‌ട്രൂമില്‍ ഇറങ്ങിയത്. അതേസമയം പ്രഥമ അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ബംഗ്ലാദേശിന് ലഭിച്ചിരുക്കുന്നത്. ഇരു ടീമുകളും ടൂർണമെന്‍റില്‍ അപരാജിതരായാണ് ഫൈനല്‍ പോരാട്ടത്തിന് എത്തിയിരിക്കുന്നത്. സെമി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെയും ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെയും പരാജയപ്പെടുത്തി.