കേരളം

kerala

ETV Bharat / sports

ഭാഗ്യം വരുന്ന വഴിയിലെ ഭാവി താരങ്ങൾ - കാർത്തിക് ത്യാഗി

കുട്ടിക്ക്രിക്കറ്റിലെ വെടിക്കെട്ട് വീരൻമാർക്ക് ഇത്തവണയും ഡിമാൻഡ് കൂടുതലായിരുന്നു. ഓസീസ് താരങ്ങൾ പണം വാരിക്കൂട്ടിയപ്പോൾ ഇന്ത്യൻ യുവതാരങ്ങളെ സ്വന്തമാക്കാനും ടീമുകൾ താല്‍പര്യം കാണിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ച അണ്ടർ 19 താരങ്ങൾക്ക് പൊന്നുംവിലയാണ് ഇത്തവണത്തെ ലേലത്തില്‍ ലഭിച്ചത്

uncapped big picks from IPL Auction 2020
ഐപിഎല്‍ താരലേലം

By

Published : Dec 20, 2019, 10:26 AM IST

കൊല്‍ക്കൊത്ത; ലോകക്രിക്കറ്റിലെ പണക്കൊഴുപ്പിന്‍റെ മേളയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. കുട്ടി ക്രിക്കറ്റിനെ പണ സഞ്ചിയിലാക്കി ബിസിസിഐ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോൾ കോടികൾ പോക്കറ്റിലാക്കിയവർ നിരവധിയാണ്. അറിയപ്പെടാതിരുന്നവർ താരങ്ങളായതും അതുവഴി ഇന്ത്യൻ ടീമിലേക്ക് എത്തിയതുമെല്ലാം കഴിഞ്ഞ സീസണുകളില്‍ കണ്ടതാണ്. കുട്ടിക്ക്രിക്കറ്റിലെ വെടിക്കെട്ട് വീരൻമാർക്ക് ഇത്തവണയും ഡിമാൻഡ് കൂടുതലായിരുന്നു. ഓസീസ് താരങ്ങൾ പണം വാരിക്കൂട്ടിയപ്പോൾ ഇന്ത്യൻ യുവതാരങ്ങളെ സ്വന്തമാക്കാനും ടീമുകൾ താല്‍പര്യം കാണിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ച അണ്ടർ 19 താരങ്ങൾക്ക് പൊന്നുംവിലയാണ് ഇത്തവണത്തെ ലേലത്തില്‍ ലഭിച്ചത്

പ്രിയം ഗാർഗ് (ഒരു കോടി 90 ലക്ഷം)

ഇന്ത്യൻ അണ്ടർ -19 ടീം നായകൻ. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡ്. 10 രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി 814 റൺസ്. ദേബ്ധർ ട്രോഫി ഫൈനലിലെ മികച്ച പ്രകടനം. ഇതൊക്കെയാണ് പ്രിയം ഗാർഗിനെ ലേലത്തില്‍ പ്രിയങ്കരനാക്കിയത്. വാശിയേറിയ ലേലം വിളിക്കൊടുവില്‍ ഒരു കോടി 90 ലക്ഷം രൂപയ്ക്കാണ് ഗാർഗിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തില്‍ നിന്ന് ഇന്ത്യൻ ടീമിന്‍റെ പടിവാതില്‍ക്കലേക്കാണ് പ്രിയം എത്തി നില്‍ക്കുന്നത്.

യശസ്വി ജയ്‌സ്‌വാൾ (രണ്ട് കോടി നാല്പത് ലക്ഷം)

മുംബൈ തെരുവില്‍ വളർന്ന പത്തൊൻപത് വയസുള്ള ക്രിക്കറ്റ് കളിക്കാൻ മാത്രം അറിയുന്ന യശസ്വി ജയ്‌സ്‌വാൾ. ഇനി പേരിനൊപ്പം രാജസ്ഥാൻ റോയല്‍സ് താരം എന്നു കൂടി എഴുതും. രണ്ട് കോടി നാല്പത് ലക്ഷം രൂപയ്ക്കാണ് യശസ്വിയെ രാജസ്ഥാൻ ടീമിലെത്തിച്ചത്. വിജയ് ഹസാരെ ട്രോഫില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ യശസ്വി ജയ്‌സ്‌വാൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. സൗത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന അണ്ടർ -19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഏറ്റവും ശ്രദ്ധേയ താരം കൂടിയാണ് യശസ്വി.

കാർത്തിക് ത്യാഗി (രണ്ട് കോടി)

17-ാം വയസില്‍ ഉത്തർപ്രദേശ് രഞ്ജി ടീമില്‍. ഇപ്പോഴിതാ സൗത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന അണ്ടർ -19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍. ഇംഗ്ലണ്ടില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ സ്വിങ് ബൗളിങുമായി കളം നിറഞ്ഞ പ്രകടനം. രണ്ട് കോടി മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ച കാർത്തിക് ത്യാഗി ഇന്ത്യൻ പേസ് ബൗളിങിനുള്ള ഭാവി വാഗ്ദാനം കൂടിയാണ്.

രവി ബിഷ്ണോയി (രണ്ട് കോടി)

വലം കയ്യൻ ലെഗ്‌സ്പിന്നർ. രണ്ട് കോടിക്ക് കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയ രാജസ്ഥാൻ യുവ താരമാണ് രവി ബിഷ്ണോയി. ബൗളർ എന്ന നിലയില്‍ തിളങ്ങുമ്പോഴും ബാറ്റ്സ്മാൻ എന്ന നിലയില്‍ കൂടി ഉപയോഗിക്കാവുന്ന താരമാണ് രവി. പ്രിയം ഗാർഗിന്‍റെ നേതൃത്വത്തില്‍ അണ്ടർ-19 ലോകകപ്പിനുള്ള ടീമിലും രവി ബിഷ്ണോയി ഉൾപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details