ദുബായ്: കൊവിഡ് 19 മൂലം മാറ്റിവച്ച ഈ വർഷത്തെ ഐപിഎല്ലിന് വേദിയാവാൻ സന്നദ്ധത അറിയിച്ച് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ്. ഐപിഎല്‍ 2020 സീസണിലെ മത്സരങ്ങൾ ഇന്ത്യയില്‍ നടത്താൻ കഴിഞ്ഞില്ലെങ്കില്‍ യുഎഇയില്‍ വേദിയൊരുക്കാൻ തയാറാണെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചു.
മാർച്ച് അവസാനത്തോടെ ആരംഭിക്കാനിരുന്ന ഐപിഎല്ലിന്‍റെ 13-ാം സീസൺ കൊവിഡ് മഹാമാരിമൂലം നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ മനസുതുറന്നിട്ടില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷം ഒക്‌ടോബർ - നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിയാല്‍ ഈ സമയം ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങൾ നടത്താമെന്ന കണക്കുക്കൂട്ടലിലാണ് ബിസിസിഐ.
മുമ്പ് നിരവധി അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ജനറല്‍ സെക്രട്ടറി മുബാഷിർ ഉസ്‌മാനി പറഞ്ഞു.