കേരളം

kerala

By

Published : Jan 2, 2020, 11:21 AM IST

ETV Bharat / sports

പ്രായത്തട്ടിപ്പ്; ക്രിക്കറ്റ് താരം മന്‍ജോത് കല്‍റയെ വിലക്കി

പ്രായ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡല്‍ഹി ആന്‍റ് ഡിസ്‌ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷന്‍ ഒംബുഡ്സ്‌മാന്‍ ജസ്റ്റിസ് ബാബര്‍ ദുറസ് അഹ്മദാണ് വിലക്ക് ഏർപ്പെടുത്തിയത്

Manjot Kalra news  Ranji Trophy news  DDCA news  മന്‍ജോത് കല്‍റ വാർത്ത  രഞ്ജി ട്രോഫി വാർത്ത  ഡിഡിസിഎ വാർത്ത
മന്‍ജോത്

ന്യൂഡല്‍ഹി:കഴിഞ്ഞ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ താരം മന്‍ജോത് കല്‍റയെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നും ഒരു വര്‍ഷം വിലക്കി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍റേതാണ് നടപടി. അണ്ടര്‍ 16, 19 കാലത്ത് പ്രായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിഡിസിഎ ഒംബുഡുസ്‌മാന്‍ ജസ്റ്റിസ് ബാബര്‍ ദുറസ് അഹ്മദാണ് വിലക്ക് ഏർപ്പെടുത്തിയത്. കാലാവധി തീരാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ രാത്രി 11.30-ന് ഇതു സംബന്ധിച്ച ഉത്തരവില്‍ ഓംബുഡ്‌സ്‌മാന്‍ ഒപ്പുവെക്കുകയായിരുന്നു.

ബിസിസിഐയുടെ കണക്കു പ്രകാരം 20 വയസും 351 ദിവസവുമാണ് കല്‍റയുടെ പ്രായം. വിലക്ക് ഒഴിവാക്കാന്‍ പുതുതായി ചുമതലയേല്‍ക്കുന്ന ഒംബുഡുസ്‌മാന് മുമ്പാകെ അപ്പീല്‍ നല്‍കുമെന്ന് കല്‍റയുടെ മാതാപിതാക്കള്‍ അറിയിച്ചു. അപ്പീല്‍ സ്വീകരിച്ച് പുതിയ അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പുതിയ ഓംബുഡ്സ്‌മാന്‍ ജസ്റ്റിസ് ദീപക് വര്‍മ്മയാകും തീരുമാനിക്കുക.

അതേസമയം ഇതേ കുറ്റം ആരോപിക്കപ്പെട്ട നിതീഷ് റാണയും സഹതാരം ശിവം മാവിയും നടപടികളില്‍ നിന്നും രക്ഷപ്പെട്ടു. നിതീഷ് റാണോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ഓംബുഡ്സ്‌മാന്‍ ചെയ്‌തത്. ശിവം മാവിക്കെതിരായി ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനായി ബിസിസിഐക്ക് കൈമാറി. ശിവം മാവി ഉത്തര്‍പ്രദേശിന്‍റെ സീനിയർ ടീമിലാണ് നിലവില്‍ കളിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച ഡല്‍ഹി അണ്ടര്‍-23 ടീമിനുവേണ്ടി ബംഗാളിനെതിരെ കല്‍റ 80 റണ്‍സ് നേടിയിരുന്നു. വിലക്ക് വന്നതോടെ രഞ്ജിയില്‍ മാത്രമല്ല ക്ലബ് ക്രിക്കറ്റിലും അണ്ടര്‍-23 ടീമിലും കല്‍റക്ക് കളിക്കാനാവില്ല. ഇക്കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്നും കല്‍റക്കെതിരെ മാത്രം നടപടി വന്നതെന്ന് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഡിഡിസിഎ ജനറല്‍ സെക്രട്ടറി വിനോദ് തിഹാര വ്യക്തമാക്കി.

ABOUT THE AUTHOR

...view details