തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്‍റി-20 മത്സരം മഴ ഭീഷണിയില്‍. അതേസമയം മത്സരത്തിനുള്ള ഒരുക്കങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തില്‍ ഏതാണ്ട് പൂർത്തിയായി. ശക്തമായ മഴ പെയ്തില്ലെങ്കിൽ കളി നടക്കുന്ന തരത്തിൽ സ്‌റ്റേഡിയം സജ്ജമാണെന്ന് കെ സി എ വ്യക്തമാക്കി.
കാര്യവട്ടത്ത് മഴകളിക്കുമെന്ന് ആശങ്ക; ഇന്ത്യ-വിൻഡീസ് ട്വന്‍റി-20ക്ക് ഒരുങ്ങി ഗ്രീൻഫീല്‍ഡ്
ശക്തമായ മഴ പെയ്തില്ലെങ്കിൽ കളി നടക്കുന്ന തരത്തിൽ കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം സജ്ജമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍
ഒൻപതു പിച്ചുകളുള്ള സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളും നടന്ന നാലാമത്തെ പിച്ചിലാണ് വിന്‍റീസിനെതിരെ ഇന്ത്യ കളിക്കുക. റണ്ണൊഴുകുന്ന പിച്ചില്‍ വിൻഡീസും ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ വൻ ജനാവലി കളി കാണാനെത്തുമെന്നാണ് സൂചന. എന്നാൽ ക്രിക്കറ്റ് ആവേശത്തിന് മഴ വില്ലനാകുമെന്ന ആശങ്കയിലാണ് സംഘാടകർ.
മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ടിക്കറ്റുകൾ ബഹുഭൂരിപക്ഷവും വിറ്റുതീർന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയെ പ്രതിരോധിച്ച് പിച്ച് മൂടി സംരക്ഷിക്കുന്നുണ്ട്. ഇനി ഞായറാഴ്ച രസം കൊല്ലിയായി മഴ എത്താതിരുന്നാൽ മാത്രം മതി.