കാന്‍ബറ: ത്രിരാഷ്‌ട്ര ടി-20 വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് ആധികാരിക ജയം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് പന്ത് ശേഷിക്കെ ഹർമന്‍പ്രീത് കൗറും കൂട്ടരും അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു.
34 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ഹർമന്‍പ്രീത് കൗറും 30 റണ്‍സെടുത്ത ഓപ്പണർ ഷെഫാലി വർമയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നാല് പന്തില്‍ നാല് റണ്‍സ് വേണമെന്നിരിക്കെ 20-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് പായിച്ച് ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രന്‍റ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നൈറ്റും സിവറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.