ന്യൂഡല്‍ഹി: സഹതാരങ്ങളില്‍ നിന്നും വിവേചനം നേരിടേണ്ടിവന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. പാകിസ്ഥാന്‍റെ യഥാർഥ മുഖം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനായി 60 ടെസ്റ്റ് മത്സരം കളിച്ച താരമാണ് കനേറിയ. എന്നിട്ടും അദ്ദേഹത്തിന് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണ്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായ രാജ്യത്താണ് ഇങ്ങനെ ഒരു അവസ്ഥ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലുള്ളവര്‍ ഏറെക്കാലം നയിച്ചിട്ടുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
ഹിന്ദു മതവിശ്വാസിയായ ഡാനിഷ് കനേറിയ സഹ താരങ്ങളില്‍ നിന്നും വിവേചനം നേരിട്ടിരുന്നതായി പാകിസ്ഥാൻ മുൻ പേസ് ബോളർ ഷുഹൈബ് അക്തറാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ഡാനിഷ് കനേറിയക്ക് സഹതാരങ്ങളില്‍ നിന്നും വിവേചനം നേരിടേണ്ടി വന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസ് ബോളർ ഷുഹൈബ് അക്തർ.
ഇക്കാര്യം ഡാനിഷ് കനേറിയ തന്നെ പിന്നീട് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ കനേറിയ പാക്ക് പ്രധാനമന്ത്രിയോട് സഹായം ആവശ്യപെട്ടിട്ടുണ്ട്. അനില്‍ ദല്‍പതിന് ശേഷം പാക് ക്രിക്കറ്റ് ടീമിലെത്തിയ ഹിന്ദുമത വിശ്വാസിയാണ് ഡാനിഷ് കനേറിയ. 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 2009-ല്‍ ഒത്തുകളി വിവാദത്തെ തുടർന്നാണ് കരിയർ അവസാനിപ്പിച്ചത്. ഇതുസംബന്ധിച്ച് താരം പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു.