ഹൈദരാബാദ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇന്ത്യാ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകദിന പരമ്പരയും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിലാണ് പോർട്ടീസ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മത്സര വേദികളായ നഗരങ്ങളിലൊന്നും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ചാർട്ടേഡ് വിമാനങ്ങളിലാകും ടീം സഞ്ചരിക്കുക.
ഇന്ത്യന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക - ക്രിക്കറ്റ് സൗത്താഫ്രിക്ക വാർത്ത
മത്സര വേദികളായ നഗരങ്ങളിലൊന്നും കൊവിഡ് 19 റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ചാർട്ടേഡ് വിമാനങ്ങളിലാകും ദക്ഷിണാഫ്രിക്കന്‍ ടീം സഞ്ചരിക്കുകയെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക
അപായ സാധ്യത കുറവാണെങ്കിലും മുന്‍കരുതല്‍ നടപടികൾ ആവശ്യമാണ്. അക്കാര്യത്തില്‍ ഇന്ത്യന്‍ സർക്കാറിന്‍റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ടീം അംഗങ്ങളുടെയും സ്റ്റാഫിന്‍റെയും ആരോഗ്യം ഉറപ്പുവരുത്താന്‍ പരിശോധനകൾ നടക്കുന്നതായും ക്രിക്കറ്റ് സൗത്താഫ്രിക്ക അധികൃതർ പറഞ്ഞു. കൊവിഡ് 19 വ്യാപനത്തിന്‍റെ അപകടത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസർ ഡോ. ഷുഹൈബ് മാന്‍ജ്ര ടീമിനൊപ്പം ഇന്ത്യയിലെത്തും.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുക. ആദ്യ മത്സരം ധർമശാലയില്‍ മാർച്ച് 12-ന് തുടങ്ങും. രണ്ടാം മത്സരം ലക്നൗവില്‍ 15-ാം തീയ്യതിയും മൂന്നാം മത്സരം 18-ന് കൊല്‍ക്കത്തയിലും നടക്കും. പരമ്പര മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി നേരത്തെ ബിസിസിഐയും രംഗത്ത് വന്നിരുന്നു.