ദുബായ്: ലോകകപ്പ് ഫൈനലിനൊപ്പം പ്രാധാന്യമുണ്ട് ഐപിഎല്ലിന്‍റെ കലാശപ്പോരിനെന്ന് മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പോള്ളാര്‍ഡ്. ദുബായില്‍ ഇന്ന് നടക്കാനിരിക്കുന്ന ഐപിഎല്‍ 13ാം സീസണിന്‍റെ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഴവുകളില്ലാതെ മുന്നേറിയാലെ ഫൈനല്‍ മത്സരത്തില്‍ ജയം ഉറപ്പിക്കാനാകൂ. ഫൈനല്‍ എന്നാല്‍ സമ്മര്‍ദങ്ങളുടെ മത്സരമാണ്. എല്ലാവരും കലാശപ്പോരിന്‍റെ സമ്മര്‍ദം ഏറ്റുവാങ്ങാന്‍ തയ്യാറാകും. പക്ഷേ ഫൈനല്‍ അവസാനിക്കുന്നതോടെ അത് ഒരു സാധാരണ മത്സരമായി മാറും. ഐപിഎല്‍ 13ാം സീസണിന്‍റെ ഫൈനല്‍ നല്‍കുന്ന അനുഭവങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും പൊള്ളാര്‍ഡ് പറഞ്ഞു.
ഇതിനകം നാല് തവണ മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. 2013ലും 2015ലും 2017ലും 2019ലുമായിരുന്നു മുംബൈയുടെ കിരീട നേട്ടം. അതേസമയം മറുഭാഗത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യമായാണ് ഐപിഎല്ലിന്‍റെ കലാശപ്പോരിന് ഇറങ്ങുന്നത്.
മറ്റേതൊരു മത്സരത്തെയും സമീപിക്കുന്നത് പോലെ ഐപിഎല്‍ ഫൈനലിനെയും സമീപിക്കുമെന്ന് മുംബൈയുടെ പരിശീലകന്‍ മഹേല ജയവര്‍ദ്ധനെ പറഞ്ഞു. കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും രണ്ട് ടീമിന്‍റെയും കഴിവാണ് മാറ്റുരക്കപെടുന്നതെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. ബാറ്റും ബോളും റണ്‍സും വിക്കറ്റും തമ്മിലുള്ള മത്സരമാണ്. അതിനാല്‍ തന്നെ ഫൈനലിലെ ഓരോ നിമിഷവും ആസ്വദിക്കാനാണ് ടീം അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും ഐപിഎല്‍ ഫൈനല്‍ കളിച്ച ശീലം മുംബൈക്കുണ്ട്. ആ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നും ജയവര്‍ദ്ധനെ കൂട്ടിച്ചേര്‍ത്തു.